ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായി കിഴക്കൻ യു.പി
text_fields2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ് കിഴക്കൻ യു.പിയും അവിടത്തെ 35 മണ്ഡലങ്ങളും. നരേന്ദ്രമോദി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് എന്നിവരുടെ തട്ടകം കിഴക്കൻ യു.പിയാണ്. നരേന്ദ്രമോദി ഇക്കു റിയും ജനവിധി തേടുന്നത് കിഴക്കൻ യു.പിയിലെ മണ്ഡലമായ വാരണാസിയിൽ നിന്നാണ്. അഖിലേഷ് യാദവിൻെറ മണ്ഡലമായ അസംഗഢും കിഴക്കൻ യു.പിയിലാണ് ഉൾപ്പെടുന്നത്. കോൺഗ്രസിൻെറ സ്റ്റാർ കാമ്പയിനർ പ്രിയങ്കക്ക് ചുമതല നൽകിയിരിക്കുന്നതു ം ഈ മേഖലയിലാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വാധീനമുള്ള മേഖലയാണിത്.
2014ലെ ലോക്സഭ തെരഞ്ഞെടു പ്പിൽ ആകെയുള്ള 35 സീറ്റുകളിൽ 34ലും ജയിച്ച് ബി.ജെ.പി വ്യക്തമായ ആധിപത്യം നേടിയിരുന്നു. 2017 നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായിരുന്നു മേധാവിത്വം. എന്നാൽ, ഇക്കുറി ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. എസ്.പി-ബി.എസ്.പി സഖ്യവും പ്രിയങ്ക ഗാന്ധിയുടെ സ്വാധീനവും ബി.ജെ.പിക്ക് വെല്ലുവിളിയാകും.
കിഴക്കൻ യു.പിയിൽ ബി.ജെ.പിക്ക് ആദ്യം കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിൻെറ ഉയർച്ചയോടെ മേഖലയിൽ ബി.ജെ.പി ചുവടുറപ്പിക്കുകയായിരുന്നു. ക്ഷേത്രനഗരങ്ങളായ അയോധ്യ, വാരണാസി, ഗോരഖ്പൂർ എന്നിവിടങ്ങളിലാണ് ബി.ജെ.പി ആദ്യം വേരാഴ്ത്തിത്. പിന്നെ കിഴക്കൻ യു.പിയിലെ മറ്റ് മേഖലകളിലേക്കും കാവി രാഷ്ട്രീയം പതിയെ ചുവടുറപ്പിക്കുകയായിരുന്നു. കോൺഗ്രസിൻെറ തകർച്ചയും ബി.ജെ.പിയുടെ വളർച്ചക്ക് ആക്കം കൂട്ടി.
എന്നാൽ, 1993ന് ശേഷം എസ്.പി-ബി.എസ്.പി സഖ്യം ഉയർന്ന് വന്നതോടെ മേഖലയിൽ ബി.ജെ.പിക്കും തിരിച്ചടി നേരിട്ടു. പിന്നീട് ഒരു ദശാബ്ദകാലം കിഴക്കൻ യു.പിയിൽ കാര്യമായ വളർച്ചയുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മോദി തരംഗം ആഞ്ഞടിച്ച 2014ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ആധിപത്യം വീണ്ടെടുത്തത്. എന്നാൽ, ഇത്തവണ പ്രിയങ്കയുടെ സാന്നിധ്യമാണ് കിഴക്കൻ യു.പിയിലെ പോരാട്ടത്തെ ചൂടു പിടിപ്പിക്കുന്നത്. അലഹാബാദ് മുതൽ വാരണാസി വരെ ഗംഗയാത്ര നടത്തി പ്രിയങ്ക വരവറിയിച്ചു കഴിഞ്ഞു.
യു.പി പിടിക്കുന്നവർ ഡൽഹിയിലും അധികാരത്തിലെത്തുമെന്നാണ് പൊതുവെ പറയുന്നത്. യു.പിയിൽ ഏറ്റവും നിർണായകമാവുക കിഴക്കൻ മേഖലയിലെ പോരാട്ടമാണെന്ന് എതാണ്ട് വ്യക്തമായി കഴിഞ്ഞു. മോദിയുടെ പ്രധാന പദ്ധതികളിലൊന്നായ ഗംഗാ ശുചീകരണം ഉൾപ്പടെയുള്ളവയുടെ പുരോഗതി വിലയിരുത്തപ്പെടുക കിഴക്കൻ യു.പിയിലാവും. ഇതിന് പുറമേ നരേന്ദ്രമോദിയുടെ വികസന മാതൃകയാണ് താൻ ഗൊരഖ്പൂരിൽ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിൻെറ വിലയിരുത്തലും തെരഞ്ഞെടുപ്പിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
