ഡൽഹിയും ഉത്തരേന്ത്യയും കുലുങ്ങി; അഫ്ഗാനിസ്താനിൽ ഭൂചലനം, എട്ടുമരണം
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.50ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ഛണ്ഡീഗഡ്, പഞ്ചാബ്, ലുധിയാന, ജമ്മുകശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉദംപൂർ, ഡെറാഡൂൺ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലാണ് അനുഭവപ്പെട്ടത്.
ഭൂചലനം പരിഭ്രാന്തി പടർത്തിയതിനെ തുടർന്ന് വീടുകളിൽനിന്നും ഓഫിസ് കെട്ടിടങ്ങളിൽനിന്നും ആളുകൾ പുറത്തേക്കോടി. ഭൂമികുലുക്കം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നതായും വീട്ടുപകരങ്ങൾ അനങ്ങുകയും ചെയ്തതായി ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ പറയുന്നു.
അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. കാബൂളിൽ വീട് തകർന്ന് എട്ടുപേർ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഹിന്ദുകുഷ് മേഖലയിലെ പാകിസ്താൻ-താജിക്കിസ്താൻ അതിർത്തിക്കടുത്തുള്ള അഫ്ഗാനിലെ ബദക്ഷാൻ പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇസ്ലാമാബാദ്, ഖൈബർ പഖ്തൂൻഖ്വ, പെഷവാർ, മറ്റ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പാകിസ്താനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

