കൊല്ലും ചൂടിനിടയിൽ ആശ്വാസം; കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം, മെയ് 25നും ജൂൺ ഒന്നിനും ഇടയിൽ കേരളത്തിൽ കനത്ത മഴ
text_fieldsന്യൂഡൽഹി: കൊല്ലും ചൂടിൽ വെന്തുരുകുന്ന രാജ്യത്തിന് തന്നെ ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴയെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുകയാണ്. കേരളത്തിൽ സാഹചര്യത്തിലാണ് ഈ പ്രതീക്ഷാജനകമായ വാർത്ത വരുന്നത്. കേരളത്തിൽ കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ട സാഹചര്യവരെ ഉണ്ടായി. ദിനം പ്രതി നിരവധി പേർക്ക് സൂര്യതാപമേൽക്കുന്ന സാഹചര്യമാണുള്ളത്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ചൂടിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും ഈ നേരത്തെയുള്ള മഴ വലിയ ആശ്വാസമാകും.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, അൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മേയ് 18-നും 25-നും ഇടയിൽ കാലവർഷം എത്തിയേക്കാം. മെയ് 25നും ജൂൺ ഒന്നിനും ഇടയിൽ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റം വന്നില്ലെങ്കിൽ മെയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് സമുദ്രത്തിൽ നിന്നുള്ള കാറ്റിനെ നേരത്തെ കരയിലേക്ക് എത്തിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇത്തവണ കാലവർഷം എത്തുമ്പോൾ എൽ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണ കാലവർഷം കനക്കാൻ കാരണമായേക്കും.
മെയ് അവസാന വാരത്തോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടാനും അത് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷവും കേരളത്തിൽ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്തിയിരുന്നു. നിലവിൽ കൊടും ചൂടിൽ കേരളജനതയുൾപ്പെടെ വലയുകയാണ്. നിലവിൽ, ചൂടിനൊപ്പം വരൾച്ചയും നേരിടുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഴ നേരത്തെ എത്തുമെന്നത് ഏറെ പ്രതീക്ഷ നൽകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

