ഖത്തർ ഗ്യാസ് പ്ലാൻ്റ് സ്ഫോടനം; അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്‌ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി നടന്ന അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നത് അതീവ ദുഃഖകരമാണെന്ന് മന്ത്രി എക്സിൽ കുറിച്ചു. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ എംബസി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ എംബസിയും ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും എംബസി അറിയിച്ചു. മരിച്ചവരുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനും ഖത്തർ അധികൃതരുമായി ചേർന്ന് എംബസി പ്രവർത്തിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി 10.45 ഓടെയാണ് ഉഗ്ര ശബ്ദത്തോടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പ്രവർത്തനത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഭീഷണിയാകുന്ന യാതൊരുവിധ വാതകച്ചോർച്ചയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തർ എനർജിയുടെ പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ബർസാൻ ഗ്യാസ് പ്ലാൻറിലായിരുന്നു അപകടം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു ദുരന്തം. അപകടം നടന്നയുടൻ തന്നെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഖത്തർ എനർജി വ്യക്തമാക്കി. തീ അണച്ചതിന് പിന്നാലെ ലഖ്‌വിയ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും സിവിൽ ഡിഫൻസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

