‘E20 മൈലേജിൽ വ്യത്യാസം ഉണ്ടാക്കിയേക്കും, വാഹനത്തിന്റെ എൻജിൻ തകരാറിലാക്കില്ല’ -നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഘട്ടങ്ങളായി നടപ്പിലാക്കിവരുന്ന എഥനോൾ പെട്രോൾ മൈലേജിൽ നേരിയ വ്യത്യാസം നൽകുമെന്നതൊഴിച്ചാൽ വാഹനങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്തില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോളിന്റെ കലോറി മൂല്യം പെട്രോളിനേക്കാൾ കുറവായതിനാൽ അത്തരം നേരിയ വ്യത്യാസം സ്വാഭാവികമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. E20 ഇന്ധനം മൂലം വാഹനങ്ങൾക്ക് വ്യാപകമായി തകരാർ സംഭവിപ്പിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതോടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഈ പ്രചാരണം അനാവശ്യമാണെന്നും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
പുനെ ആസ്ഥാനമായുള്ള എ.ആർ.എ.ഐ (ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ), വിവിധ വാഹന നിർമാതാക്കൾ എന്നിവർ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തി അനുമതി നൽകിയ ശേഷമാണ് ഇ20 രാജ്യവ്യാപകമായി അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കേടുപാടുകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ, വ്യാജ ഇന്ധനം ഉപയോഗിച്ചതാണ് പലയിടത്തും പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഴയ മോഡൽ വാഹനങ്ങളിലെ ചില ചെറിയ ഭാഗങ്ങളെ E20 ഇന്ധനം ബാധിച്ചേക്കാമെന്ന ആശങ്ക പരിഹരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് മെറ്റൽ വാഷറുകളായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവ റബ്ബർ വാഷറുകളാക്കി മാറ്റിയിട്ടുണ്ട്. സർവീസിങ്ങിന് എത്തുമ്പോൾ ഇത്തരം ഭാഗങ്ങൾ ഉപഭോക്താവിൽനിന്ന് അധികപ്പണം ഈടാക്കാതെ സൗജന്യമായി മാറ്റിനൽകാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിതിൻ ഗഡ്കരി അറിയിച്ചു.
ഡൽഹി, മുംബൈ പോലുള്ള വൻനഗരങ്ങളിലെ 'സ്റ്റോപ്പ് ആൻഡ് ഗോ' ട്രാഫിക്കിൽ ഗിയർ മാറി മാറി ഓടിക്കുമ്പോൾ മൈലേജിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടില്ല. എന്നാൽ ഹൈവേകളിൽ ഉയർന്ന വേഗതയിൽ തുടർച്ചയായി ഓടിക്കുമ്പോൾ ചെറിയ വ്യത്യാസം പ്രകടമായേക്കാം. അതേസമയം, പൂർണമായും ഫ്ലെക്സ്-ഫ്യുവൽ എൻജിനുകൾക്കായി രൂപകൽപന ചെയ്ത വാഹനങ്ങളിൽ മൈലേജ് കുറയില്ലെന്നാണ് എ.ആർ.എ.ഐയുടെ റിപ്പോർട്ട്.
ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ്, ടൊയോട്ട, മാരുതി സുസുക്കി തുടങ്ങിയ മുൻനിര കമ്പനികൾ ഉടൻ തന്നെ ഫ്ലെക്സ്-ഫ്യുവൽ മോഡലുകൾ വിപണിയിലെത്തിക്കും. ലിറ്ററിന് ഏകദേശം 75 രൂപ നിരക്കിൽ എഥനോൾ ലഭ്യമാകുന്നതോടെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഇന്ധനം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുമെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

