Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ജെ.പി മാതൃകയിൽ ‘ഇ20...

സി.ജെ.പി മാതൃകയിൽ ‘ഇ20 ജനതാ പാർട്ടി’; ഗഡ്കരിയെ പൂട്ടാൻ പുതിയ സോഷ്യൽ മീഡിയ കൂട്ടായ്മ

text_fields
bookmark_border
സി.ജെ.പി മാതൃകയിൽ ‘ഇ20 ജനതാ പാർട്ടി’; ഗഡ്കരിയെ പൂട്ടാൻ പുതിയ സോഷ്യൽ മീഡിയ കൂട്ടായ്മ
cancel

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിന്റെ വിജയത്തിന് പിന്നാലെ, കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ സജീവം. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര നയത്തിനെതിരെ ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ മുന്നേറ്റമാണ് എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ രൂപംകൊണ്ടിരിക്കുന്നത്. 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

‘ഞങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താവിനായിരിക്കണം’ എന്ന് വ്യക്തമാക്കുന്ന ഈ ക്യാമ്പയിന് ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ക്യാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡുകൾ നൽകുന്ന സൂചന.

ഇ20 പെട്രോളോ സബ്‌സിഡിയോ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നില്ല. പകരം, എഥനോൾ കലർത്തിയ ഇന്ധനത്തോടൊപ്പം 100% ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്നും, ഉപഭോക്താക്കൾക്ക് ഇതിൽ ഏത് വേണമെന്ന് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നുമാണ് ഇവരുടെ വാദം. പമ്പുകളിൽ ഇത് വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഇ20 ജനതാ പാർട്ടി ആവശ്യപ്പെടുന്നുണ്ട്. ഇന്ധനങ്ങളുടെ നേട്ടങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. മൈലേജ്, എൻജിൻ പ്രകടനം, അറ്റകുറ്റപ്പണി ചെലവ് എന്നിവ സംബന്ധിച്ച് സ്വതന്ത്ര പഠനങ്ങൾ നടത്തി ഫലം പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. തങ്ങൾ രാഷ്ട്രീയേതരമായ ഒരു ഉപഭോക്തൃ അവകാശ പ്രസ്ഥാനമാണെന്നാണ് സംഘടനയുടെ വിശദീകരണം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ലക്ഷ്യമിട്ട് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട ‘സിയാൻ അഗ്രോ’ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ളത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം നടപ്പിലാക്കുമ്പോൾ 40 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില ഒന്നര വർഷം കൊണ്ട് 3600 രൂപയിലേക്ക് കുതിച്ചുയർന്നതും വലിയ ചർച്ചയായിട്ടുണ്ട്.

വാഹനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകൾ, മൈലേജ് കുറയൽ, കൂടിയ അറ്റകുറ്റപ്പണി ചെലവ് എന്നിവ ചൂണ്ടിക്കാട്ടി വാഹന ഉടമകളും ടാക്‌സി-ട്രാൻസ്പോർട്ട് സംഘടനകളും പ്രതിഷേധത്തിലാണ്. ഡൽഹി ടാക്‌സി ആൻഡ് ട്രാൻസ്പോർട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്.

എഥനോൾ ചേർത്ത ഇ20 പെട്രോൾ വാഹനങ്ങൾക്ക് ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, രാജ്യസഭയിൽ ജൂലൈ 22ന് നൽകിയ മറുപടിയിൽ, ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ 3 മുതൽ 5 ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaNithin GadkariE20 PetrolCJP Protest
News Summary - E20 Janata Party' on the model of CJP; New social media alliance to lock Gadkari
Next Story