E20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങൾക്ക് തകരാർ സംഭവിക്കാമെന്ന് റിപ്പോർട്ട്; എൻജിൻ പരിശോധനകളിൽ കണ്ടെത്തിയത് ആശങ്കാജനകമായ വിവരങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ധനത്തിൽ 20 ശതമാനം എത്തനോൾ കലർത്തുന്ന (E20) പദ്ധതി നടപ്പിലാക്കുന്നതിന് മുൻപായി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) നടത്തിയ പഠന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. E10 ഇന്ധനത്തിന് അനുയോജ്യമായ നിലവിൽ നിരത്തിലുള്ള വാഹനങ്ങളിൽ E20 ഉപയോഗിക്കുന്നത് എൻജിനിലെ റബ്ബർ ഭാഗങ്ങളെ ബാധിക്കുമെന്നാണ് ഈ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇന്ധന പൈപ്പുകൾ, ഗാസ്കറ്റുകൾ, സീലുകൾ, ഓ-റിങുകൾ തുടങ്ങിയ ഇന്ധന സംവിധാനത്തിലെ റബ്ബർ ഘടകങ്ങളിൽ കാലക്രമേണ തകരാറുകൾ സംഭവിക്കാമെന്നും അതിനാൽ ഇത്തരം ഭാഗങ്ങൾ നേരത്തെ മാറ്റേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
നാല് ചക്ര വാഹനങ്ങളിൽ നടത്തിയ എൻജിൻ പരീക്ഷണത്തിൽ ചില എൻജിനുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു നിർമ്മാതാവിന്റെ വാഹനം 400 മണിക്കൂർ പരീക്ഷണത്തിന് ശേഷം തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റൊരു നിർമ്മാതാവിന്റെ എൻജിനിൽ 809 മണിക്കൂർ പരിശോധനയ്ക്ക് ശേഷം എക്സോസ്റ്റ് വാൽവിൽ തെർമോമെക്കാനിക്കൽ തകരാർ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഠിനമായ ചൂടും അതിവേഗത്തിലുള്ള പ്രവർത്തനവും ചേരുമ്പോഴാണ് ഇത്തരം തകരാറുകൾ ഉണ്ടാവുക. ഇരുചക്ര വാഹന നിർമ്മാതാക്കൾ നടത്തിയ പരീക്ഷണങ്ങളിൽ എൻജിൻ പ്രവർത്തനക്ഷമതയിൽ തകരാറുകൾ കണ്ടെത്തിയില്ലെന്നും പ്രകടനം തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
E10 ഇന്ധനവുമായി താരതമ്യം ചെയ്യുമ്പോൾ E20 ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇന്ധനക്ഷമത 2 മുതൽ 6 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ എൻജിനിലെ ലോഹ ഘടകങ്ങളെ ഈ ഇന്ധനം ബാധിക്കുന്നില്ലെന്നും പുക പരിശോധനയിലെ മലിനീകരണ തോത് നിശ്ചിത പരിധിക്ക് ഉള്ളിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്ത ഈ റിപ്പോർട്ട് വാഹന നിർമ്മാതാക്കൾക്കും സർക്കാർ അധികൃതർക്കും ഒരു റഫറൻസ് രേഖയായിട്ടാണ് ഉപയോഗിച്ചുവരുന്നത്. സാധാരണയായി എൻജിൻ ഡ്യൂറബിലിറ്റി പരീക്ഷണങ്ങൾ 2,000 മണിക്കൂർ വരെ നടത്താറുണ്ട് എന്നിരിക്കെയാണ് നിലവിൽ പരിമിതമായ മണിക്കൂറുകൾ മാത്രം നീണ്ട പരീക്ഷണഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

