ന്യൂഡൽഹി: ഇ-ടിക്കറ്റുള്ള വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്കും ട്രെയിനിൽ കയറുകയും ഒഴിവുള്ള ബെർത്തുകൾ ഉപയോഗിക്കുകയും ചെയ്യാമെന്ന് സുപ്രീംകോടതി. നേരത്തെ റെയിൽവേ സ്റ്റഷനുകളിലെത്തി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു ഇൗ സൗകര്യം അനുവദിച്ചിരുന്നത്. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
നേരിട്ട് ടിക്കറ്റ് എടുക്കുന്നവരെ അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ള ഇ ടിക്കറ്റ് യാത്രക്കാരോടുള്ള റെയിൽവേയുടെ വിവേചനത്തിനെതിരെ ഡൽഹി ഹൈകോടതിയാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 2014ലായിരുന്നു ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. ഇതിനെതിരെ റെയിൽവേ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റെയിൽവേയുടെ അപ്പീൽ തള്ളിയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ തീർപ്പുണ്ടായിരിക്കുന്നത്.
പുതിയ നിബന്ധനപ്രകാരം റെയിൽവേ യാത്രയുടെ ഫൈനൽ ചാർട്ട് പുറത്തിറക്കുേമ്പാൾ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ ഇ ടിക്കറ്റുകൾ റദ്ദാവില്ല. അവർക്ക് സ്റ്റേഷനിലെത്തി ട്രെയിനിൽ ബെർത്തുകളിൽ ഒഴിവുണ്ടെങ്കിൽ യാത്ര തുടരനാവും. സുപ്രീംകോടതി അപ്പീൽ പരിഗണിച്ചപ്പോൾ റെയിൽവേക്ക് വേണ്ടി അഭിഭാഷകരൊന്നും ഹാജരായിരുന്നില്ല. കേസ് രണ്ട് തവണ മാറ്റിവെച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. തുടർന്നാണ് റെയിൽവേയുടെ ഹരജി തള്ളിയത്.