ബാബരി കേസിൽ പരിഹാരത്തിന് ദൈവത്തോട് പ്രാർത്ഥിച്ചെന്നത് പൂർണമായും തെറ്റ് -ബി.ബി.സി അഭിമുഖത്തിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: ബി.ബി.സി ഇന്ത്യയുടെ അഭിമുഖത്തിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ചന്ദ്രചൂഢിന്‍റെ തന്നെ വിവാദ വിധിന്യായങ്ങൾ, സുപ്രീംകോടതിയുടെ മേലുള്ള രാഷ്ട്രീയ സമ്മർദം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മുൻ ചീഫ് ജസ്റ്റിസിന് ഇതാദ്യമായി അഭിമുഖീകരിക്കേണ്ടിവന്നത്. രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിച്ച ചന്ദ്രചൂഢ്, സുപ്രീം കോടതി രാഷ്ട്രീയ സമ്മർദങ്ങളിൽ സ്വാധീനിക്കപ്പെടുന്നെന്ന ആരോപണം തള്ളിക്കളഞ്ഞു.
ഗണേഷ ചതുർത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിന്‍റെ വസതി സന്ദർശിച്ചത് പോലുള്ള കാര്യങ്ങൾ ജുഡീഷ്യറിയുടെ സമഗ്രതയിൽ വിട്ടുവീഴ്ചക്ക് കാരണമാകുമെന്ന വാദം മുൻ ചീഫ് ജസ്റ്റിസ് തള്ളി. കേസുകൾ തീർപ്പാക്കുന്നതിന് ഇത്തരം കാര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാൻ മാത്രം സിസ്റ്റം പക്വത പ്രാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് ഇലക്ടറൽ ബോണ്ട് പോലെ സുപ്രധാന വിധികൾ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. സന്ദർശത്തിനുശേഷവും സർക്കാരിനെതിരെ നിരവധി വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർപ്പാക്കാൻ ഏറെ പ്രയാസമുണ്ടായിരുന്ന ബാബരി മസ്ജിദ് - അയോധ്യ രാമജന്മഭൂമി കേസിൽ പരിഹാരം കണ്ടെത്തിത്തരാൻ ദൈവത്തോട് പ്രാർഥിച്ചു എന്ന് നേരത്തെ പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ച് ചോദ്യം ഉന്നയിക്കവെ അത് തടസ്സപ്പെടുത്തിയ ചന്ദ്രചൂഡ്, ‘അത് പൂർണ്ണമായും തെറ്റാണ്’ എന്ന് പറഞ്ഞു. ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വന്നത്, അത് പൂർണമായും തെറ്റാണെന്ന് ഞാൻ വീണ്ടും വ്യക്തമാക്കുന്നു -ചന്ദ്രചൂഡ് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഭരണകക്ഷിയായ ബി.ജെ.പി കോടതികളെ ചൂഷണം ചെയ്യുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്‍റെ എഡിറ്റോറിയലിനെക്കുറിച്ച് ചോദിച്ചപ്പോൾ, 2024 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം ഇന്ത്യ ഒരു ഏകകക്ഷി രാഷ്ട്രത്തിലേക്ക് നീങ്ങുകയാണെന്ന മിഥ്യാധാരണ പൊളിച്ചെഴുതിയിട്ടുണ്ടെന്നായിരുന്നു മറുപടി.
ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതിയുടെ തീരുമാനത്തെ ചന്ദ്രചൂഢ് ന്യായീകരിച്ചു. ഭരണഘടനയുടെ യഥാർത്ഥ അന്തസത്തയോട് യോജിക്കുന്ന വിധിയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഢ്, 2022 നവംബർ 9 മുതൽ 2024 നവംബർ 10 വരെയാണ് സേവനമനുഷ്ഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

