ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് 1500 ടൺ ഭക്ഷ്യധാന്യങ്ങൾ എഫ്.സി.െഎ ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ചതായി റിപ്പോർട്ട്. രാജ്യവ്യാപക അടച്ചിടലിൽ നാട് വിടേണ്ടിവന്ന തൊഴിലാളികളിൽ നിരവധി പേർ പട്ടിണിമൂലം മരിച്ചപ്പോഴാണ് സർക്കാറിെൻറ അനാസ്ഥയിൽ ടൺകണക്കിന് അരിയും ഗോതമ്പും ഗോഡൗണുകളിൽ നശിച്ചത്. ഉപഭോക്തൃ മന്ത്രാലയ കണക്കുപ്രകാരം മേയിൽ 26 ടണ്ണും ജൂണിൽ 1453 ടണ്ണും ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായിട്ടുണ്ട്.
ജൂലൈയിലും ആഗസ്റ്റിലും 41 മുതൽ 51 ടൺ വരെ നശിച്ചിട്ടുണ്ട്. അതേസമയം, മാർച്ചിലും ഏപ്രിലിലും ഭക്ഷ്യധാന്യങ്ങൾ നശിച്ചിട്ടില്ലെന്ന് കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തു. ഗോഡൗണുകളിൽ നനയാത്ത രീതിയിലും കീടനാശിനി ശല്യം ഒഴിവാക്കിയുമാണ് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നത്.
എങ്കിലും പ്രകൃതിക്ഷോഭം കാരണം നശിക്കുന്ന സംഭവങ്ങൾ അസാധാരണമല്ല. ഭക്ഷ്യധാന്യങ്ങൾ നശിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.