ഭർതൃവീട്ടിലെ ജീവിത സൗകര്യങ്ങൾ ലഭിക്കാൻ വിവാഹമോചിതക്കും അർഹതയുണ്ട് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭർതൃവീട്ടിലെ അതേ ജീവിത സൗകര്യങ്ങൾ വിവാഹ മോചനശേഷവും ലഭിക്കാൻ ഭാര്യക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി. മലയാളി ഡോക്ടറുടെ വിവാഹമോചന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭാര്യക്ക് പ്രതിമാസം 1.75 ലക്ഷം രൂപ ഇടക്കാല ജീവനാംശം നൽകാൻ കോടതി വിധിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പ്രതിമാസം 1.75 ലക്ഷം രൂപയുടെ ഇടക്കാല ജീവനാംശം ഭാര്യക്ക് നൽകാൻ നേരത്തെ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ മദ്രാസ് ഹൈകോടതിയെ സമീപിച്ച പ്രതി അത് 80,000 രൂപയായി കുറച്ചുകൊണ്ടുള്ള ഉത്തരവ് നേടി. ഇതിനെതിരെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2022 ഡിസംബർ ഒന്നിലെ മദ്രാസ് ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി കുടുംബ കോടതിയുടെ ഉത്തരവ് പുനഃസ്ഥാപിച്ചു.
പ്രതിയുടെ വരുമാനവുമായി ബന്ധപ്പെട്ട് കുടുംബ കോടതി പരിശോധിച്ച ചില വശങ്ങൾ ഹൈകോടതി അവഗണിച്ചു. കൂടാതെ, വിവാഹശേഷം ജോലി ത്യജിച്ചതിനാൽ അവർക്ക് ജോലിയില്ലെന്ന കാര്യവും സുപ്രീംകോടതി പരിഗണിച്ചാണ് ഉത്തരവിട്ടത്. ഭർത്താവിന്റെ പദവി, ജീവിത നിലവാരം, വരുമാന സ്രോതസ്സ്, സ്വത്തുക്കൾ, അവകാശങ്ങൾ, ബാധ്യതകൾ എന്നിവ താരതമ്യം ചെയ്തുവെന്നും ഭർത്താവ് അനുഭവിക്കുന്ന പ്രത്യേകാവകാശങ്ങൾ ഭാര്യക്ക് നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

