അതീഖ് അഹ്മദ് വധം: പ്രതികൾ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് കുടുംബം
text_fieldsഅക്രമികളെ പൊലീസ് പിടികൂടുന്നു, ഇൻസൈറ്റിൽ കൊല്ലപ്പെട്ട ആതിഖ് അഹ്മദും സഹോദരനും
ലഖ്നോ: സമാജ് വാദി പാർട്ടി നേതാവും മുൻ എം.പിയുമായ അതീഖ് അഹ്മദിനെയും സഹോദരനെയും വെടിയുതിർത്ത പ്രതികൾ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് കുടംബം. കേസിൽ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയുമായിരുന്നുവെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യാഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
"ടിവിയിലൂടെ ഞങ്ങൾ സംഭവം കണ്ടു. ലവ്‌ലേഷിന്‍റെ പ്രവർത്തികളെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല. അവൻ ഇവിടെ താമസിക്കുകയോ കുടുംബ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. ഞങ്ങളോട് ഒന്നും പറയാറുമില്ല. ആറു ദിവസം മുമ്പാണ് ഇവിടെ വന്നത്. ആറു വർഷമായി അവൻ ഞങ്ങളുമായി സ്വരച്ചേർച്ചയിൽ അല്ല. നേരത്തെ തന്നെ അവനെതിരേ ഒരു കേസുണ്ട്. ആ കേസിൽ ജയിലിൽ ആയിരുന്നു. അവൻ ജോലിക്കു പോവാറില്ല. മയക്കുമരുന്നിന് അടിമയുമാണ്. ഞങ്ങൾക്ക് നാലു മക്കൾ ഉണ്ട്. ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല" അദ്ദേഹം പറഞ്ഞു.
പ്രതി സണ്ണിയുടെ സഹോദരൻ പിന്റുവും സമാന അവകാശ വാദവുമായി രംഗത്തെത്തി. സണ്ണി ജോലി ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടക്കലാണെന്നും തങ്ങളുടെ കൂടെയല്ല താമസിക്കുന്നതെന്നും പിന്റു പറഞ്ഞു.
ഏപ്രിൽ 13 മുതൽ യു.പി പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു കൊല്ലപ്പെട്ട് ആതിഖും സഹോദരനും. ശനിയാഴ്ച രാത്രി 10 .30 നാണ് പൊലീസ് കാവലിൽ കൊണ്ടു പോവുന്നതിനിടെയാണ് ഇരുവരെയും മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

