ദുബൈ-കോഴിക്കോട് എയർഇന്ത്യ വിമാനം 20 മണിക്കൂർ വൈകി
text_fieldsദുബൈ: ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച ഉച്ചക്ക് 12.30നാണ് പറന്നത്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. നൂറ്റമ്പതോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. IX346 വിമാനമാണ് യാത്രക്കാർക്ക് ദുരിതം വിതച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, ഇവിടെ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിക്കുന്നത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. എന്നാൽ, ഹോട്ടലിൽ എത്തിയപ്പോഴാണ് വിമാനം പുലർച്ച മൂന്നിന് പുറപ്പെടുമെന്നും രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് ലഭിച്ചത്.
ഇതോടെ, ചെറിയ കുട്ടികളും പ്രായമായവരും അടക്കം വീണ്ടും ടെർമിനലിലേക്ക് തിരിച്ചു. മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യം ചെയ്തപ്പോൾ നാലിന് പോകും എന്ന അറിയിപ്പ് ലഭിച്ചു. പിന്നീട് പലതവണയായി സമയം മാറ്റുകയായിരുന്നു. ഒടുവിൽ ഉച്ചക്ക് 12.30നാണ് വിമാനം പുറപ്പെട്ടത്. ചെറിയ കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ടായി. യാത്രക്കാർ ചോദ്യംചെയ്തെങ്കിലും അധികൃതർ ഗൗനിച്ചില്ല. ഭക്ഷണംപോലും കാര്യമായി കിട്ടിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
എയർ ഇന്ത്യയുടെ വിമാനം വൈകൽ പതിവായിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്നുതവണയാണ് വിമാനം വൈകിയത്. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കിയിരുന്നു. എൻജിനിൽ തീ ഉയർന്നതിനെത്തുടർന്നാണ് തിരിച്ചിറക്കിയത്.
പല വിമാനങ്ങളിലായാണ് ഈ യാത്രക്കാരെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയിരുന്നു. 38 മണിക്കൂറിനുശേഷമാണ് ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്ക് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

