ബി.ആർ ഷെട്ടിക്കെതിരെ ദുബൈ കോടതി; എസ്.ബി.ഐക്ക് 382 കോടി രൂപ നൽകണം
text_fieldsദുബൈ: വായ്പ തട്ടിപ്പ് കേസിൽ എൻ.എം.സി ഹെൽത്ത്കെയർ ഗ്രൂപ്പ് സ്ഥാപകനും കർണാടക സ്വദേശിയുമായ ബി.ആർ ഷെട്ടിക്കെതിരെ വിധി പുറപ്പെടുവിച്ച് ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി) കോടതി.
കേസിൽ 45.99 ദശലക്ഷം ഡോളർ (ഏകദേശം 382 കോടി രൂപ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ) നൽകണമെന്നാണ് കോടതി വിധി. 50 ദശലക്ഷം ഡോളർ വായ്പ നേടുന്നതിനായി ഗ്യാരണ്ടി ഒപ്പിട്ടത് സംബന്ധിച്ച് ഷെട്ടി കോടതിയിൽ കള്ളം ആവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആൻഡ്രു മോറൻ വിധി പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് നടന്ന വിധി പകർപ്പ് ഡി.ഐ.എഫ്.സി കോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 29നായിരുന്നു വിചാരണ. ഇതിൽ ഷെട്ടിയുടെ മൊഴികൾ ‘വിശ്വസിക്കാൻ കഴിയാത്ത കള്ളങ്ങളുടെ ഘോഷയാത്ര’യാണെന്നും അദ്ദേഹത്തിന്‍റെ മൊഴി പരസ്പര വിരുദ്ധവും അസംബന്ധവുമാണെന്നും ജസ്റ്റി മോറൻ വിധിന്യായത്തിൽ വ്യക്തമാക്കി.
2018 ഡിസംബറിൽ എൻ.എം.സി ഹെൽത്ത് കെയറിന് എസ്.ബി.ഐ നൽകിയ 50 ദശലക്ഷം ഡോളർ വായ്പക്ക് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ട് നൽകിയിരുന്നോ എന്നായിരുന്നു കോടതി പരിശോധിച്ചത്. വ്യക്തിഗത ഗ്യാരണ്ടിയിൽ ഒപ്പിട്ടുവെന്നത് വ്യാജമാണെന്നും അതിന് സാക്ഷ്യം വഹിച്ച ബാങ്ക് സി.ഇ.ഒയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നുമായിരുന്നു ഷെട്ടിയുടെ വാദം. തന്‍റെ ഒപ്പ് വ്യാജമായി നിർമിച്ചതാണെന്നും അതിന്‍റെ ദുരിതമാണ് താൻ ഇപ്പോഴും അനുഭവിക്കുന്നതെന്നും ഷെട്ടി വാദിച്ചു. എന്നാൽ, ഷെട്ടി ഗ്യാരണ്ടി ഒപ്പിട്ടതിനെ സാധൂരിക്കുന്ന ശക്തമായ സാക്ഷിമൊഴികൾ, യോഗ വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, സ്വന്തം ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള രേഖാപരമായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയതായി ജസ്റ്റിസ് മോറൻ ചൂണ്ടിക്കാട്ടി. കൂടാതെ ഗ്യാരണ്ടി ഒപ്പിടുന്നതിനായി 2018 ഡിസംബർ 25ന് എൻ.എം.സിയുടെ അബൂദബി ഓഫിസിലേക്ക് യാത്ര ചെയ്തതായി ബാങ്ക് സി.ഇ.ഒ ആനന്ദ് ഷിനോയ് മൊഴി നൽകുകയും ചെയ്തിരുന്നു. എൻ.എം.സി ഓഫിസിൽ ഷെട്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോഗ്രഫുകളും ഇദ്ദേഹം ഹാജരാക്കിയിരുന്നു.
അതേസമയം, കോടതി വിധി വന്ന തീയതി വരെ പലിശ ഉൾപ്പെടെ 45.99 ദശലക്ഷം ഡോളറാണ് ഷെട്ടി എസ്.ബി.ഐക്ക് നൽകണ്ടേത്. പണം പൂർണമായും നൽകുന്നത് വരെ പ്രതിവർഷം ഒമ്പത് ശതമാനം പലിശ ഈടാക്കാമെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

