ഇരട്ട പൗരത്വ വിവാദം: രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsലക്നൗ: ഇരട്ട പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സ്വന്തം ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആരോപണവിധേയനായ വ്യക്തിയുടെ ഭാഗം കേൾക്കാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ശനിയാഴ്ചയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർഥി അധ്യക്ഷനായ ബെഞ്ച് എഫ്.ഐ.ആറിന് സ്റ്റേ അനുവദിച്ചത്.
കർണാടകയിലെ ബി.ജെ.പി പ്രവർത്തകൻ വിഘ്‌നേഷ് ശിശിർ എന്നയാൾ നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈകോടതിയുടെ ഇടപെടലുണ്ടായത്. 2003 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത 'ബാക്കോപ്‌സ് ലിമിറ്റഡ്' എന്ന കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി തന്റെ ദേശീയത ബ്രിട്ടീഷ് എന്ന് രേഖപ്പെടുത്തിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. ലണ്ടനിലെയും ഹാംഷെയറിലെയും വിലാസങ്ങളും ഡയറക്ടർ ഐ.ഡി നമ്പറും ഇതിനായി ഉപയോഗിച്ചെന്നും ഹർജിയിൽ പറയുന്നു.
നേരത്തെ, 2003ൽ ഇംഗ്ലണ്ടിൽ കമ്പനി രൂപവത്കരിക്കുന്ന വേളയിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം മറച്ചുവെച്ചെന്ന പരാതിയിൽ കേസെടുക്കാൻ ഉത്തർപ്രദേശ് പൊലീസിനോട് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിനുപുറമെ, കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനും കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ പരിഗണിച്ചാണ് അന്ന് കോടതി നിലപാട് മാറ്റിയത്.
ലക്നൗവിലെ സ്പെഷൽ എം.പി കോടതി ഈ പരാതിയിൽ കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. ഈ ജനുവരി 28ലെ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈകോടതി ആദ്യം എഫ്.ഐ.ആറിന് ഉത്തരവിട്ടത്. പരാതിയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇന്ത്യൻ സിവിൽ സർവിസസ് കോഡിന്റെ സെക്ഷൻ 528 പ്രകാരം രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകേണ്ടത് അത്യാവശ്യമാണെന്ന് നിലവിൽ ഹൈകോടതി വിധിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രാഹുൽ ഗാന്ധിക്കെതിരെ ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ല എന്നാണ് തീരുമാനിച്ചത്. അടുത്ത വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഏപ്രിൽ 20ന് മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

