ഇരട്ട പൗരത്വ കേസ്; രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കേസ് സ്വമേധയാ അന്വേഷിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാനോ ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിട്ടു.
രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലഖ്നൗവിലെ പ്രത്യേക എംപി/ എം.എൽ.എ കോടതിയുടെ ജനുവരി 28ലെ ഉത്തരവിനെതിരെ ബി.ജെ.പി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും യുകെ സർക്കാരിന്‍റെ ഇമെയിലുകളും തന്‍റെ പക്ഷമുണ്ടെന്നാണ് ഹർജിക്കാരന്‍റെ വാദം.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം ഉയരാൻ കാരണമായത് യുകെ ആസ്ഥാനമായ ഒരു കമ്പനിയിലെ ഫയലുകളിൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തുകയും ഔദ്യോഗിക ഫയലുകളിൽ ലണ്ടൻ വിലാസം നൽകുകയും ചെയ്തിരുന്നു. ഇതാണ് ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. പൗരത്വ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അധികാരപരിധിയില്ലെന്ന് കീഴ്കോടതി പറഞ്ഞതിനെ തുടർന്നാണ് വിഷയം അലഹബാദ് ഹൈക്കോടതിയിലെത്തിയത്. ഇന്ത്യൻ നിയമ പ്രകാരം ഒരു വ്യക്തിക്ക് രണ്ടു പൗരത്വം നിലനിർത്താൻ കഴിയില്ല. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് പൗരത്വമുള്ള രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവായി തുടരാൻ അവകാശമില്ലെന്നാണ് പ്രധാന വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

