ഡൽഹി സർവകലാശാല അധ്യാപിക കൊല്ലപ്പെട്ടു; തലക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് മൃതദേഹം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വനിതാ അസിസ്റ്റന്റ് പ്രഫസറെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 49കാരിയായ ദേവോസ്മിത പോളിനെയാണ് കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡൽഹി സർവകലാശാലക്ക് കീഴിലെ ശിവാജി കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത അപാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സഹോദരി ദേവരതി പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾക്ക് മറുപടി ലഭിച്ചില്ലെന്നും സഹോദരി പൊലീസിനോട് പറഞ്ഞു.
തലക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഫ്ലാറ്റിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഒന്നിലധികം സംഘങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അധ്യാപികയുടെ മരണത്തിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തി. അധ്യാപിക കൊല്ലപ്പെട്ടതാണെന്ന് ആം ആദ്മി എം.എൽ.എ കുൽദീപ് കുമാർ പറഞ്ഞു. യുവതിയുടെ തലക്ക് ഒന്നിലധികം പരിക്കേറ്റിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നും പറഞ്ഞു. കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെയും കേന്ദ്രത്തെയും ബി.ജെ.പി സർക്കാറുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

