‘ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കണം, ഫണ്ട് നൽകണം’; ഡല്‍ഹി സര്‍വകലാശാല വിവാദത്തിൽ
text_fieldsന്യൂഡല്‍ഹി: ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനും ഫണ്ട് നല്‍കുന്നതിനും കോളജുകളോട് നിര്‍ദേശിക്കുന്ന ഡല്‍ഹി സര്‍വകലാശാല സര്‍ക്കുലര്‍ വിവാദത്തിൽ. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏപ്രില്‍ 13ന് നടക്കുന്ന ‘റണ്‍ ഫോര്‍ എ ഗേള്‍ ചൈല്‍ഡ്’ എന്ന പരിപാടിയില്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഫാക്കല്‍റ്റി അംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശിക്കുന്ന നോട്ടീസാണ് ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്ത കോളജുകളിലെ വകുപ്പ് മേധാവികള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ചത്.
ആർ.എസ്.എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതിയാണ് പരിപാടിയുടെ സംഘാടകർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് പരിപാടി ലക്ഷ്യമാക്കുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിദ്യാർഥി ക്ഷേമനിധി വഴി പരിപാടിക്ക് പങ്കാളിത്ത ഫീസ് നല്‍കാനും കോളജുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സര്‍വകലാശാല രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരടക്കമുള്ളവർ രംഗത്തെത്തി. പ്രത്യേക സംഘടനയുടെ പരിപാടിക്ക് മാത്രം സര്‍വകലാശാല ഔദ്യോഗിക പിന്തുണ നല്‍കുന്നത് പക്ഷപാതപരമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥി ഫണ്ടുകളുടെ വിനിയോഗത്തെയും അധ്യാപകരില്‍ ഒരു വിഭാഗം ചോദ്യം ചെയ്തു.
അതേസമയം, സര്‍ക്കുലറിനെ ന്യായീകരിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്ത രംഗത്തെത്തി. ഓരോ കോളജിലും വിദ്യാർഥികള്‍ക്കായി നിശ്ചിത ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആ ഫണ്ട് പ്രയോജനകരമായ കാര്യത്തിനായി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചു. രാഷ്ട്രീയ സേവാ ഭാരതിയുടെ പരിപാടി സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള സംരംഭമാണ്. തങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. താൽപര്യം പ്രകടിപ്പിക്കുകയും പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വിദ്യാർഥികള്‍, ഫാക്കല്‍റ്റി, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്ക് സൗകര്യമൊരുക്കാനാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

