കൂട്ടബലാൽസംഗം ചെയ്തു, ഇഷ്ടിക കൊണ്ട് തല തകർത്തു, പിന്നീടവർ അവളുടെ ശരീരത്തിലൂടെ വണ്ടി കയറ്റിക്കൊന്നു
text_fieldsസോണിപ്പത്ത്: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്നും വെറും 27 കിലോമീറ്ററുകൾക്കകലെ ഒറ്റമുറി വീട്ടിൽ വെറും നിലത്ത് എഴുന്നേൽക്കാൻ പോലുമാകാതെ ഒരു അമ്മ കിടന്നുകരയുന്നു. കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം ഇഷ്ടിക കൊണ്ട് മുഖവും തലയും ഇടിച്ചുതകർത്ത തന്‍റെ മകളുടെ മൃതദേഹം കണ്ടെത്തിയ നൾ മുതൽ ഈ അമ്മക്ക് നേരെയൊന്ന് നിൽക്കാൻ പോലും കഴിഞ്ഞിട്ടില്ല. കാറോടിച്ച് കയറ്റി വികൃതമാക്കി അവളുടെ മൃതദേഹം പിന്നീട് വയലിൽ ഉപേക്ഷിക്കുകയായിരുന്നു അക്രമികൾ. ദിവസങ്ങൾക്ക് ശേഷം പൊലീസ് കണ്ടെടുത്തത് അഴുകിത്തുടങ്ങി നായ്ക്കൾ ഭക്ഷിച്ചു പാതിയാക്കിയ അവളുടെ ശരീരഭാഗങ്ങളാണ്.
കഴിഞ്ഞ ആഴ്ചയാണ് നിർഭയയുടെ കൊലയാളികൾക്ക് വധശിക്ഷ വിധിച്ച വാർത്ത വായിച്ച് ആ അമ്മ ആശ്വാസത്തിന്‍റെ നെടുവീർപ്പയച്ചത്. അപ്പോൾ ആ അമ്മ ഒരിക്കൽ പോലും സങ്കൽപിച്ചിരുന്നില്ല, തനിക്കും അതേ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന്. തന്‍റെ മകളോട് മൃഗീയമായി പെരുമാറിയവർക്ക കൊലക്കൊയർ തന്നെ നൽകണമെന്ന് പറയുമ്പോഴും അമ്മക്കറിയില്ല, തനിക്കും കുടുംബത്തിനും മകൾക്കും നീതി ലഭിക്കുമോയെന്ന്.
കഴിഞ്ഞ ദിവസമാണ് റോഹ്തക്കിൽ നടന്ന ഈ പൈശാചിക കൃത്യത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറുപേരെ ചോദ്യം ചെയ്തുവരികയാണ്. 23കാരിയായ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുനൽകി അക്രമികൾ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെടുമെന്ന് പറഞ്ഞ അവളുടെ തല ഇഷ്ടികകൊണ്ട് തകർത്തു. ഇരയുടെ മുഖം വികൃതമാക്കി തിരിച്ചറിയാനാവാത്ത വിധത്തിലാക്കുന്നതിനായിരുന്നു ഈ ക്രൂരമായ പീഡനം. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും ഫോറൻസിക് വിദ്ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. യുവതി സമാനതകളില്ലാത്ത രീതിയിലുള്ള പീഡനത്തിനാണ് ഇരയായത്.
അക്രമികളിലൊരാളുടെ പേരിൽ യുവതിയുടെ അമ്മ മാസങ്ങൾക്ക് മുൻപ് നൽകിയ പരാതിയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് അറസ്റ്റ് ചെയ്തവരുടെ മൊഴിയിൽ പറയുന്നത്. തന്‍റെ മകളുടെ പിറകെ നടന്ന് ഇയാൾ ശല്യം ചെയ്യുന്നുവെന്നും വിവാഹാഭ്യർഥന നടത്തുന്നുവെന്നുമായിരുന്നു പരാതി. മധ്യസ്ഥ ചർച്ചയിൽ പരാതി പരിഹരിക്കപ്പെടുകയും ചെയ്തു. മുഖ്യപ്രതിക്ക് യുവതിയോടുള്ള പ്രതികാരം തീർക്കാനാണ് കൃത്യം നടത്തിയതെന്നാണ് മൊഴി.
മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും സ്ത്രീവാദികളും ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
