ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഒഴുകുന്ന രവി നദിയിൽനിന്ന് അതിർത്തി രക്ഷാസേന 64.33 കിലോ വരുന്ന 60 പാക്കറ്റ് ഹെറോയിൻ പിടികൂടി. പഞ്ചാബിലെ ഗുരുദാസ്പൂർ ഭാഗത്തുനിന്നാണ് വൻ മയക്കുമരുന്ന് വേട്ട.
നീളമേറിയ തുണിയിൽ പൊതിഞ്ഞ ട്യൂബിലാക്കി വെള്ളത്തിലെ കുറ്റിച്ചെടികളിൽ കെട്ടിയിട്ട നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. 1500 മീറ്റർ നീളമുള്ള നൈലോൺ ചരടിലാണ് ട്യൂബ് ബന്ധിച്ചിരുന്നത്. പാകിസ്താൻ അതിർത്തിയിൽനിന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടത്തുന്നതാണ് ഇതെന്ന് ദേര ബാബ നാനാക്കിനടുത്തുള്ള നാംഗ്ലി സേനാ പോസ്റ്റിലെ സൈനികർ പറഞ്ഞു.
പുലർച്ച രണ്ടിന് നദിയുടെ ഭാഗത്ത് സംശയാസ്പദ നീക്കങ്ങൾ കണ്ടതായി ബി.എസ്.എഫ് ഡി.െഎ.ജി രാജേഷ്ശർമ പറഞ്ഞു. തുടർന്നാണ് പരിശോധന നടത്തിയത്.