മയക്കുമരുന്ന് സംഘം തമ്മിൽ പോര്: യുവാവിനെ കൊന്ന് ചുരത്തിൽ തള്ളിയ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ
text_fieldsമംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ മാസം എട്ടിനാണ് ചുരത്തിൽ ദേവരമനെയിൽ അജ്ഞാത ജഡം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിപണനം ചെയ്യുന്ന സംഘത്തിൽ കണ്ണിയായിരുന്ന സവാദ് ഏറെക്കാലം വീട്ടിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു.
തിരിച്ചു വന്ന യുവാവിനെ 10 ദിവസമായി കാണാതായിരുന്നു. തുടർന്ന് മൃതദേഹം ലഭിച്ചപ്പോൾ ബന്ധുക്കളെത്തി സവാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മംഗളൂരു ബങ്കരയിൽ നിന്ന് കൊലപ്പെടുത്തി ജഡം ചുരത്തിൽ എറിയുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.