291 ജില്ലകളിൽ ലഹരിമുക്ത കേന്ദ്രങ്ങൾ; താൽപര്യപത്രം ക്ഷണിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് 291 ഗ്യാപ് ജില്ലകളിൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കാൻ താൽപര്യപത്രം ക്ഷണിച്ച് സാമൂഹികനീതി മന്ത്രാലയം. ലഹരിക്കടിപ്പെട്ടവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും കേന്ദ്ര പിന്തുണയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലകളെയാണ് ഗ്യാപ് ജില്ലകൾ എന്ന് വിശേഷിപ്പിക്കുന്നത്. ജില്ല തലത്തിൽ ലഹരിവിമുക്തി കേന്ദ്രങ്ങൾ (ഡി.ഡി.എ.സി) ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി.
കേരളത്തിൽ ഇടുക്കി, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളെയാണ് ഗ്യാപ് ജില്ലകളായി കണ്ടെത്തിയത്. ഏറ്റവും കൂടുതൽ ഗ്യാപ് ജില്ലകളുള്ളത് ഛത്തിസ്ഗഢിലാണ്. ഇവിടെ 33 ജില്ലകളിൽ 31 എണ്ണവും പട്ടികയിൽ ഇടം നേടി. മധ്യപ്രദേശ് (23), ഗുജറാത്ത് (22), അരുണാചൽ പ്രദേശ് (21), ബിഹാർ (25), ഝാർഖണ്ഡ് (16), ഉത്തർപ്രദേശ് (18), പഞ്ചാബ് (16), അസം (10) എന്നിങ്ങനെയാണ് കൂടുതൽ ഗ്യാപ് ജില്ലകളുള്ളത്.
ലഹരിക്കടിപ്പെട്ടവർക്ക് സംയോജിത പുനരധിവാസ കേന്ദ്രങ്ങൾ, കുട്ടികളിലും കൗമാരക്കാരിലും ലഹരി ഉപയോഗം തടയാൻ സാമൂഹിക സന്നദ്ധ സംരംഭങ്ങൾ, സമ്പർക്ക, ചികിത്സ കേന്ദ്രങ്ങൾ, ജില്ല തല ലഹരി വിമുക്തികേന്ദ്രങ്ങൾ എന്നിവക്ക് സാമൂഹിക നീതി മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. കേരളത്തിൽ നിലവിൽ 24 ലഹരി വിമുക്തി കേന്ദ്രങ്ങൾ കേന്ദ്ര പിന്തുണയോടെ പ്രവർത്തിക്കുന്നുണ്ട്. 15 മുതൽ 30 ആളുകൾക്ക് താമസിച്ച് ചികിത്സ തേടാവുന്ന രീതിയിലാണ് ജില്ല തല ലഹരി വിമുക്തി കേന്ദ്രങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
ഓഫിസ് സൗകര്യത്തിനു പുറമെ, ചികിത്സ- പുനരധിവാസ കേന്ദ്രം, ആളുകളെ ചികിത്സക്ക് കൊണ്ടുവന്ന് ഏൽപ്പിക്കാനുള്ള സൗകര്യം, സി.പി.എൽ.ഐ കേന്ദ്രം എന്നിവയുണ്ടാവും. ലഹരിമുക്ത ചികിത്സയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയമുള്ള എൻ.ജി.ഒകളും സ്റ്റാർട്ടപ്പുകളും ജൂൺ 30 നകം താൽപര്യ പത്രം നൽകണമെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
ലഹരി വ്യാപനം കണ്ടെത്താൻ സർവേ
ലഹരിഉപയോഗത്തിന്റെ വ്യാപ്തിയടക്കം വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ദേശീയ തലത്തിൽ ഈ വർഷം സർവേ നടത്തിയേക്കും. 2019ൽ ആണ് സാമൂഹികനീതി മന്ത്രാലയം മുമ്പ് ഇത്തരത്തിൽ സർവേ നടത്തിയത്. കേരളത്തിലെ വിദ്യാർഥികളടക്കമുള്ളവരിൽ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകൾ ഉൾപ്പെടുന്നതായിരുന്നു റിപ്പോർട്ട്.
10-17 പ്രായമുള്ള കുട്ടികളിൽ 0.95 ശതമാനം കുട്ടികൾ ശ്വസനരീതിയിൽ വലിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നെന്നും 0.75 ശതമാനം വേദനസംഹാരികൾ ലഹരിക്കായി ഉപയോഗിക്കുന്നെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് 18-75 പ്രായക്കാരിൽ 3.52 ലക്ഷം (1.43 ശതമാനം) ആളുകൾ കഞ്ചാവും 2.12 ലക്ഷം ആളുകൾ വേദന സംഹാരികളും ലഹരിക്കായി ഉപയോഗിക്കുന്നതായും സർവേയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

