മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനായി നടിമാരായ ശ്രദ്ധ കപൂറും സാറ അലിഖാനും നാർകോട്ടിക്സ് കൺട്രോൺ ബ്യൂറോക്ക് മുമ്പാകെ ഹാജരായി. പതിനൊന്നരയോടെയാണ് ശ്രദ്ധ കപൂർ എൻ.സി.ബി ഓഫീസിലെത്തിയത്. ഒരുമണിയോടെ സാറ അലി ഖാനും ഹാജരായി.
രാവിലെ പത്തുമണിയോടെ നടി ദീപിക പദുകോണും ചോദ്യം ചെയ്യലിനായി എത്തിയിരുന്നു. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന് ആവശ്യപ്പെടുന്നതിന്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം എൻ.സി.ബി സംഘം ചോദ്യം ചെയ്തിരുന്നു.
നടി രാകുൽ പ്രീത് സിങ്ങിനെയും എൻ.സി.ബി കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ ഫോൺ സന്ദേശങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടി രാകുൽ പ്രീതിനെ സംഘം ചോദ്യം ചെയ്തത്. റിയയുടെ മൊഴിയിലും രാകുൽ പ്രീത് സിങ്ങിനെ കുറിച്ചും സാറ അലി ഖാനെ കുറിച്ചും പരാമർശമുണ്ടായിരുന്നു. ഇവര്‍ സുശാന്തുമൊത്ത് പുണെയിലെ ഐലന്‍ഡില്‍ നിരവധി തവണ സന്ദർശനം നടത്തിയെന്നും വിവരമുണ്ട്.