‘മറ്റെല്ലാം മാറ്റിവെക്കുക, എസ്.ഐ.ആറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക,’ ബി.ജെ.പി പ്രവർത്തകർക്ക് നിർദേശവുമായി യോഗി ആദിത്യനാഥ്
text_fieldsയോഗി ആദിത്യനാഥ്
ഖൊരക്പൂർ(യു.പി): മറ്റെല്ലാ പ്രവർത്തനങ്ങളും നിറുത്തിവെച്ച് എസ്.ഐ.ആറിൽ ശ്രദ്ധയൂന്നണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് നിർദേശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ഒരു മാസം പൂർണ്ണമായും എസ്.ഐ.ആർ നടപടികൾക്കായി നീക്കിവെക്കണമെന്നും ഖൊരക്പൂരിൽ നിയമസഭാംഗങ്ങളുമായും പാർട്ടി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിൽ യോഗി പറഞ്ഞു.
എസ്.ഐ.ആർ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് സംസ്ഥാനത്ത് പാർട്ടി കേഡർമാരെ ജനങ്ങളിലേക്ക് ഇറക്കി ബോധവത്കരണത്തിന് ബി.ജെ.പിയുടെ ശ്രമം.
പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ തോറും സന്ദർശനം നടത്തി എസ്.ഐ.ആർ ഫോമുകൾ നൽകാനുള്ളവരെ തിരിച്ചറിഞ്ഞ് ബോധവത്കരിക്കണം. എല്ലാ ബൂത്തിലും മുതിർന്ന പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ബൂത്തുകൾ തോറും ബോധവത്കരണ ക്യാമ്പുകൾ നടത്തണം. താമസം മാറിയവരെയും പുതുതായി എത്തിയവരെയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ സംബന്ധിച്ച് കാമ്പയിനുകൾക്കായി ഓരോ ബൂത്തിനും അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്ന പത്ത് പേരുടെ സംഘങ്ങൾ രൂപീകരിക്കാനും യോഗി ജില്ല പ്രസിഡന്റുമാരോട് നിർദ്ദേശിച്ചു.
എസ്.ഐ.ആറിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ പരാമർശിക്കവെ, പ്രവർത്തകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗി പറഞ്ഞു.
‘എസ്.ഐ.ആറിനെ എതിർക്കുന്നവരെ നിസാരരായി കരുതരുത്. അവരുടെ കേഡർമാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതേതട്ടിലുള്ള ഉത്തരവാദിത്വത്തോടെ ബി.ജെ.പി പ്രവർത്തകരും പെരുമാറേണ്ടതുണ്ട്,’ യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

