Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യ ദിനങ്ങളിലെ വീഴ്ച;...

ആദ്യ ദിനങ്ങളിലെ വീഴ്ച; വിൻഫാസ്റ്റ് ടാക്സി സർവീസിനെതിരെ ഡ്രൈവർമാരുടെ പ്രതിഷേധം പുകയുന്നു

text_fields
bookmark_border
ആദ്യ ദിനങ്ങളിലെ വീഴ്ച; വിൻഫാസ്റ്റ് ടാക്സി സർവീസിനെതിരെ ഡ്രൈവർമാരുടെ പ്രതിഷേധം പുകയുന്നു
cancel

ന്യൂഡൽഹി: വിൻഫാസ്റ്റ് കമ്പനിയുടെ പിന്തുണയോടെ ഇന്ത്യയിൽ, പ്രത്യേകിച്ച് ഡൽഹി-എൻ.സി.ആർ മേഖലയിൽ പ്രവർത്തനം ആരംഭിച്ച 'ഗ്രീൻ എസ്.എം' ഇലക്ട്രിക് ടാക്സി സേവനം തുടക്കത്തിൽ തന്നെ വിവാദങ്ങളിൽ. ഡ്രൈവർമാർക്ക് സ്ഥിരമായ വരുമാനവും യാത്രക്കാർക്ക് മികച്ച സേവനവും വാഗ്ദാനം ചെയ്താണ് കമ്പനി രംഗപ്രവേശം ചെയ്തതെങ്കിലും, സേവനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡ്രൈവർമാർ ഗുരുതരമായ പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിമാസം 35,000 മുതൽ 40,000 രൂപ വരെ വരുമാനം ഉറപ്പുനൽകിയാണ് കമ്പനി ഡ്രൈവർമാരെ നിയമിച്ചത്. എന്നാൽ, പലർക്കും വാഗ്ദാനം ചെയ്ത തുക ലഭിക്കുന്നില്ലെന്നും പേയ്‌മെന്റുകൾക്ക് വലിയ കാലതാമസം നേരിടുന്നുണ്ടെന്നും പരാതിയുണ്ട്. 20 ദിവസത്തോളം ജോലി ചെയ്തിട്ടും തങ്ങൾക്ക് തുച്ഛമായ തുക (ചിലർക്ക് 700 രൂപയും 1,100 രൂപയും) മാത്രമാണ് ലഭിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. ഓരോ ട്രിപ്പിൽ നിന്നും ലഭിക്കേണ്ട വരുമാനത്തിന്റെ 35% നൽകുമെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത്, പലർക്കും 33% മാത്രമാണ് ലഭിക്കുന്നതെന്നും ഡ്രൈവർമാർ പറയുന്നു.

വാഹനങ്ങളിലെ ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ, ടോൾ തുക ഡ്രൈവർമാർ സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വരുന്നതായി പരാതിയുണ്ട്. മിനിമം ഗ്യാരണ്ടി വരുമാനത്തിനുള്ള മാനദണ്ഡങ്ങളിൽ കമ്പനി പെട്ടെന്ന് മാറ്റങ്ങൾ വരുത്തിയതായും ഡ്രൈവർമാർ ആരോപിക്കുന്നു. 90% ട്രിപ്പുകൾ പൂർത്തിയാക്കണമെന്നും ഉയർന്ന റേറ്റിങ് നിലനിർത്തണമെന്നും ഉൾപ്പെടെയുള്ള പുതിയ നിബന്ധനകൾ മുൻകൂട്ടി അറിയിക്കാതെ നടപ്പിലാക്കിയെന്നാണ് ആക്ഷേപം.

തുടക്കത്തിൽ ഉണ്ടായ സാങ്കേതികവും പ്രവർത്തനപരവുമായ പ്രശ്നങ്ങൾ സംബന്ധിച്ച് ഡ്രൈവർമാരിൽ നിന്ന് ലഭിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ഡ്രൈവർമാരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ഗ്രീൻ എസ്.എം പ്രതിനിധികൾ അറിയിച്ചു. സേവനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തനക്ഷമത തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഒല, ഊബർ തുടങ്ങിയ നിലവിലെ ടാക്സി സേവനങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ ഗ്രീൻ എസ്.എമ്മിന്റെ ഇത്തരം പ്രവർത്തികൾ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. യാത്രക്കാർക്ക് സർജ് ചാർജുകളില്ലാത്ത സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുമ്പോൾ തന്നെ, അതിന് പിന്നിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ പരാതികൾ കൂടി പരിഹരിച്ചാൽ മാത്രമേ ഈ സംരംഭത്തിന് ദീർഘകാലം പിടിച്ചുനിൽക്കാൻ സാധിക്കൂ എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taxi ServiceComplaintVinFastLatest News
News Summary - Drivers protest against Green SM taxi service: Complaint of not getting promised income
Next Story