ചീറ്റകൾക്ക് വെള്ളം കൊടുക്കുന്ന വിഡിയോ വൈറൽ; ഡ്രൈവറെ സസ്പെൻഡ് ചെയ്തു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റക്കും നാല് കുഞ്ഞുങ്ങൾക്കും വെള്ളം നൽകുന്ന വിഡിയോ വൈറലായതിനെത്തുടർന്ന്, അതിൽ ഉൾപ്പെട്ട ഡ്രൈവർ സത്യനാരായണ ഗുർജാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചീറ്റാ ട്രാക്കിംഗ് ടീമിന് വേണ്ടി കരാർ ജോലി ഡ്രൈവറാണ് ഗുർജാർ.
വിഡിയോ ദൃശ്യങ്ങളിൽ ഗുർജാർ ഒരു പ്ലേറ്റിൽ വെള്ളം ഒഴിക്കുന്നതും, ചീറ്റകൾ ശാന്തമായി സമീപിച്ച് ഈ വെള്ളം കുടിക്കുന്നതുമാണ് കാണുന്നത്. കുനോ നാഷണൽ പാർക്കിന്റെ ഷിയോപൂർ ജില്ലയിലെ തുറന്ന വനപ്രദേശത്താണ് ഈ സംഭവം നടന്നത്. ഇതിനുമുമ്പ്, കന്നുകാലികളെ കൊന്നുവെന്നാരോപിച്ച് ഗ്രാമവാസികൾ ജ്വാല എന്ന ചീറ്റയെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതായി പല വിഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയതോടെ വനംവകുപ്പ് അതിനെ പ്രോട്ടോക്കോൾ ലംഘനമായി കണക്കാക്കിയാണ് നടപടിയെടുത്തത്. ഡ്രൈവർ സ്വകാര്യ കരാറിൽ ജോലി ചെയ്തിരുന്നയാൾ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഗുർജാറിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ ഇതുവരെ സ്ഥിരം ജീവനക്കാരനെയെങ്കിലും സസ്‌പെൻഡ് ചെയ്തിട്ടില്ലയെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി. പാർക്ക് മാനേജ്മെന്‍റ് ഇതിനെ മാതൃകാപരമായ നടപടിയായാണ് കാണുന്നത്, മറ്റ് ജീവനക്കാരും ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ഡി.എഫ്.ഒ അറിയിച്ചു.
വനം വകുപ്പ് നേരത്തെ തന്നെ ജ്വാലയും കുഞ്ഞുങ്ങളും മനുഷ്യമേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും, അവക്ക് ഭക്ഷണമോ വെള്ളമോ നൽകരുതെന്നും ഗ്രാമവാസികൾക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

