പശുവിൻ പാൽ കുടിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും-രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി
text_fieldsജയ്പൂർ: നാടൻ പശുവിന്‍റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കോട്ടയിലെ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമർശം.
പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകുമെന്ന് അദ്ദേഹം പറഞ്ഞു. എരുമപ്പാൽ കുടിക്കുന്നവർക്ക് മന്ദതയുണ്ടാകുമെന്നും അവർക്ക് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശുക്കിടാവിന് പശുവിൻ പാൽ നൽകിയാൽ അത് ഉൗർജവും പ്രസരിപ്പുള്ളതുമായി ഇരിക്കുമെന്നും എന്നാൽ എരുമക്കിടാവിന് പാൽ നൽകിയാൽ അത് അലസമായി ഉറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.പശുക്കുട്ടികൾ ജനിച്ചയുടനെ അമ്മയെ തിരിച്ചറിയുമെന്നും എന്നാൽ എരുമക്കുട്ടികൾക്ക് അത് ബുദ്ധിമുട്ടാണെന്നും ഇത് അവയുടെ പാലിന്‍റെ ഗുണവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. പ്രത്യേക തരം പാൽ കുടിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുമെന്നോ മറ്റൊന്ന് മടിയുണ്ടാക്കുമെന്നോ തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നിലവിലില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പശുവിൻ പാലിലും എരുമാപ്പാലിലും പ്രോട്ടീൻ,കാൽസ്യം,വിറ്റാമിൻ ബി 12തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

