മാതാ വൈഷ്ണോദേവി ബേസ് ക്യാമ്പിൽ മദ്യപാനം; ഇൻഫ്ളുവൻസർ ഓറിയും കൂട്ടരും അറസ്റ്റിൽ
text_fieldsശ്രീനഗർ : മാതാ വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടൽ മുറിയിൽ മദ്യപിച്ചതിനെ തുടർന്ന് ഇൻഫ്ളുവൻസർ ഓറി ഉൾപ്പടെ ഏഴ് പേരെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ഓറി, ദർശൻ സിങ്, പാർത്ഥ് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗൽ, ഷാഗുൺ കോഹ്‌ലി, റഷ്യൻ പൗരയായ അനസ്തസില അർസമാസ്കിന എന്നിവരാണ് അറസ്റ്റിലായത്.
കത്രയിലെ ഒരു ഹോട്ടലിൽ പാർട്ടി നടത്തുന്നതിനിടെ 'മാതാ വൈഷ്ണോ ദേവി, കത്ര' എന്ന് ടാഗ് ചേർത്ത് ഓറി സ്റ്റോറിയിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നതോടെ ഓറി വിഡിയോ ഡിലീറ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും പ്രതികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. മദ്യപാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ബേസ് ക്യാമ്പിൽ നിരോധിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒട്ടുമിക്ക ബോളിവുഡ് താരങ്ങളുടെയും ഉറ്റ സുഹൃത്താണ് ഓറി. ജാൻവി കപൂർ, ഖുഷി കപൂർ, അനന്യ പാണ്ഡേ, സാറാ അലി ഖാൻ, ഭൂമി പഡ്‌നേക്കർ, ഉർഫി ജാവേദ് തുടങ്ങിയവരോടൊപ്പം മിക്ക പാർട്ടികളിലും ഓറി ഉണ്ടാവാറുണ്ട്. അംബാനി കുടുംബത്തോടും നല്ല ബന്ധം വെച്ചുപുലർത്തുന്നയാളാണ് ഓറി. മുംബൈ ആസ്ഥാനമായുള്ള വ്യവസായി സൂരജ് കുന്ദൻലാൽ അവത്രമണിയുടെയും ഭാര്യ ഷഹനാസ് അവത്രമണിയുടെയും മകനാണ് ഓറി. ഹോട്ടലുകൾ, റിയൽ എസ്റ്റേറ്റ്, മദ്യം തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന നിരവധി ബിസിനസുകൾ കുടുംബത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

