ഡ്രഡ്ജർ അഴിമതി കേസ്; തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്രസർക്കാറിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി. തെറ്റായ വിവരം നൽകി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിനോട് ചോദിച്ചു.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, കേസിന്റെ അന്വേഷണത്തിനായി നെതർലൻഡ്സിൽ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, കേസിൽ ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു. ഇത് സംസ്ഥാനത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ എതിർക്കുകയും കേന്ദ്രം നൽകിയ കത്തിന്റെ പകർപ്പ് കോടതിക്ക് കൈമാറുകയും ചെയ്തു.
തുടർന്ന് ഇക്കാര്യത്തിലെ വസ്തുത അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഉച്ചക്കുശേഷം കോടതിയിൽ എസ്.വി. രാജു, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തനിക്ക് നൽകിയത് തെറ്റായ വിവരമാണെന്നും നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടായ ചെറിയ തെറ്റ് ക്ഷമിക്കണമെന്നും കോടതിയോട് അഭ്യർഥിച്ചു. തുടർന്ന്, തെറ്റായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിച്ചെങ്കിൽ എന്തായിരുന്നു സംഭവിക്കുകയെന്ന് ആരാഞ്ഞ കോടതി 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നെതർലൻഡ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന പരാതിയിൽ 2019ലാണ് വിജിലന്‍സ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

