സ്വപ്നം യാഥാർഥ്യമായി; നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി നൽകിയ കർഷകർ ആദ്യ വിമാനത്തിൽ ലഖ്‌നൗവിലേക്ക്
text_fieldsഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ ആദ്യ വാണിജ്യ വിമാന സർവീസ് വിജയകരമായി ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7.55-ന് ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഇവിടെ ഇറങ്ങിയതോടെയാണ് സർവീസുകൾക്ക് തുടക്കമായത്. എന്നാൽ ഈ ഉദ്ഘാടന സർവീസിനെ ഏറെ സവിശേഷവും വികാരാധീനവുമാക്കിയത് അതിലെ യാത്രക്കാരായിരുന്നു. വിമാനത്താവളത്തിന്റെ നിർമാണത്തിനായി തങ്ങളുടെ പൈതൃക സ്വത്തായ കൃഷിഭൂമി വിട്ടുനൽകിയ ജേവാർ മേഖലയിലെ കർഷകരും അവരുടെ കുടുംബങ്ങളുമായിരുന്നു ആ ആദ്യ വിമാനത്തിലെ വി.ഐ.പി യാത്രക്കാർ. തങ്ങൾ സ്വപ്നം കണ്ട വികസനം സ്വന്തം കൺമുന്നിൽ യാഥാർത്ഥ്യമാകുന്നത് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ഗ്രാമീണർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക ക്ഷണപ്രകാരം ലഖ്‌നൗവിലേക്ക് പോയ ഇവർ അവിടെ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു.
കാലങ്ങളായി തങ്ങൾ നെഞ്ചോട് ചേർത്ത മണ്ണ് ഒരു വിമാനത്താവളമായി മാറിയത് കാണുമ്പോൾ കർഷകരിൽ പലർക്കും കണ്ണുനിറയുന്നുണ്ടായിരുന്നു. തങ്ങളുടെ ഭൂമിയിൽ ഇന്ന് റൺവേയും വിമാനങ്ങളും ഉയർന്നുനിൽക്കുന്നത് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് കർഷകനായ അബ്രാർ ഖാൻ വികാരാധീനനായി പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണം തങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി വിമാനയാത്ര ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു ഹീര റാഷിദ് എന്ന പെൺകുട്ടിയെപ്പോലെയുള്ള ഗ്രാമത്തിലെ യുവതലമുറ. വിമാനത്താവളം വന്നതോടെ തങ്ങളുടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറിയെന്ന് പ്രദേശവാസികൾ ഒരേസ്വരത്തിൽ പറയുന്നു.
എങ്കിലും വികസനത്തിന്റെ തിളക്കത്തിനിടയിലും ചില കർഷകർ തങ്ങളുടെ ആശങ്കകളും പങ്കുവെക്കുന്നുണ്ട്. വിമാനത്താവളത്തിനായി 30 ഏക്കറോളം ഭൂമി വിട്ടുനൽകിയ ഒരു കർഷകൻ പ്രദേശം വികസിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഭൂമി ഏറ്റെടുത്ത സമയത്ത് വാഗ്ദാനം ചെയ്ത ജോലി ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന കാര്യം ഓർമ്മിപ്പിച്ചു. നിലവിൽ നോയിഡയിൽ നിന്നും ലഖ്‌നൗവിലേക്ക് പോകുന്ന യാത്രക്കാർ ഡൽഹി വിമാനത്താവളത്തെ ആശ്രയിക്കുകയോ റോഡ് മാർഗ്ഗം യാത്ര ചെയ്യുകയോ ആണ് പതിവ്. എന്നാൽ പുതിയ വിമാനത്താവളം യാഥാർത്ഥ്യമായതോടെ ഉത്തർപ്രദേശിന്റെ ഭരണ വ്യവസായ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും സംസ്ഥാനത്തിന്റെ വ്യോമയാന മേഖലക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമായി മാറുകയും ചെയ്യും. ജേവാർ വിമാനത്താവളത്തിൽ നിന്നുള്ള പതിവ് വിമാന സർവീസുകൾ വരും ദിവസങ്ങളിൽ പൂർണ്ണതോതിൽ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

