ബംഗാളിൽ എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജീവിച്ചിരിക്കുന്ന വോട്ടർമാർ മരിച്ചവരുടെ പട്ടികയിൽ!
text_fieldsകൊൽക്കത്ത: ബംഗാളിൽ എസ്.ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ കാളികാപൂരിൽ നിന്നുള്ള ഒരു വാർഡിലെ രണ്ട് വോട്ടർമാർ തങ്ങളുടെ പേരുകൾ കണ്ടെത്തിയത് മരിച്ച വോട്ടർമാരുടെ പട്ടികയിൽ!
പതിറ്റാണ്ടുകളായി വോട്ട് ചെയ്യുന്ന ഇരുവരും എസ്.എ.ആറിന്റെ എണ്ണൽ ഫോമുകൾ പൂരിപ്പിച്ചു നൽകിയതാണ്. ബൂത്ത് ലെവൽ ഓഫിസർ അവരിൽ നിന്ന് ഒരു പകർപ്പ് വാങ്ങിയിരുന്നു. കൈമാറിയ ഫോമുകളുടെ ഒരു പകർപ്പ് തങ്ങളുടെ പക്കൽ ഇരുവരും സൂക്ഷിച്ചിട്ടുമുണ്ട്. ജാദവ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരാണ് ഇരുവരും.
‘എന്റെ ഭർത്താവ് 2023ൽ മരിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ അവരുടെ കരട് പട്ടികയിൽ എന്നെ കൊന്നു’ -44 കാരിയായ സുചേത അധികാരി പറഞ്ഞു. ഞെട്ടിപ്പോയെന്നും ഒരു പട്ടികക്ക് ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചതായി കണക്കാക്കാൻ കഴിയുമെന്നത് തമാശയാണോ എന്നും അവർ ചോദിക്കുന്നു. ‘ഇന്ന് രാവിലെ ബി.എൽ.ഒ എന്റെ വീട്ടിലെത്തി വീണ്ടും വോട്ടർ പട്ടികയിൽ ചേർക്കാൻ ഒരു ഫോം പൂരിപ്പിക്കാൻ എന്നെ നിർബന്ധിച്ചു. ഇന്നലെ വിളിച്ച് എന്റെ പേര് കരട് ലിസ്റ്റിൽ ഉണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷെ, മരിച്ച വോട്ടറായി ടാഗ് ചെയ്തിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞില്ല’ -സുചേത പറഞ്ഞു.
16 വയസ്സുള്ള മകനോടൊപ്പം താമസിക്കുന്ന സുചേത അധികാരി, തന്റെ പേര് അന്തിമ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് ബി.എൽ.ഒ വാഗ്ദാനം ചെയ്തതായി പറഞ്ഞു. ബംഗാൾ ചീഫ് ഇലക്ടറൽ ഓഫിസറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുമെന്ന് പറയുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ, തിരുത്തലുകൾ വരുത്താനോ, പേര് മാറ്റാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അതിൽ ഫോമുകൾ പൂരിപ്പിക്കാമെന്നും പറയുന്നു.
കാളികാപൂരിൽ നിന്നുള്ള മറ്റൊരു വോട്ടറായ 65 കാരനായ നിർമൽ ഐച്ച് മരിച്ച വോട്ടർമാരുടെ പട്ടികയിൽ തന്റെ പേര് കണ്ട് ഞെട്ടി. ‘ഞാൻ ഒരിക്കലും വോട്ട് ചെയ്യാതിരിക്കില്ല. ബന്ധുവിന്റെ വീട്ടിൽ പോയാലും, പോളിങ് ദിവസം തിരികെ നാട്ടിലെത്തും. എന്നെപ്പോലുള്ള ഒരാളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന്’ ഐച്ച് പറഞ്ഞു. കുടുംബത്തിൽ പേര് നീക്കം ചെയ്ത ഒരേയൊരു വ്യക്തി അദ്ദേഹമാണ്. അധികാരിയും ഐച്ചും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ 106-ാം വാർഡിലെ താമസക്കാരാണ്.
‘പട്ടിക തയ്യാറാക്കുമ്പോൾ കമീഷൻ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ഒരു യഥാർത്ഥ വോട്ടറെയും ഒഴിവാക്കരുത്. ഇത് ബി.ജെ.പിയുടെ നിർദേശപ്രകാരമാണോ ചെയ്യുന്നതെന്ന് എനിക്കറിയില്ല’ - ഇതായിരുന്നു വാർഡ് കൗൺസിലർ അരിജിത് ദാസ് താക്കൂറിന്റെ പ്രതികരണം.
കേരളത്തിലടക്കം എണ്ണൽ ഫോമുകൾ പൂരിപ്പിച്ചു വാങ്ങി കരടു പട്ടിക പുറത്തുവന്നിരിക്കുകയാണ്. പട്ടിക പരിശോധിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ബംഗാളിൽ നിന്നുള്ള സംഭവങ്ങളിലൂടെ പുറത്തു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

