ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ, സ്പുട്നിക്-5 ഇന്ത്യയിൽ പരീക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഹൈദരാബാദ് കേന്ദ്രമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി നിർമാതാക്കൾ ധാരണയിലെത്തി. ഇന്ത്യയിലെ ഔദ്യോഗിക ഏജൻസികൾ അനുമതി നൽകുന്ന മുറക്ക് ഈ വർഷാവസാനത്തോടെ പത്തു കോടി വാക്സിൻ ഡോസ് റഷ്യ ഇന്ത്യക്ക് നൽകും.
അതേസമയം, സ്പുട്നിക്-5 ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിന് നിർമാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഇപ്പോൾ അനുമതി നൽകിയിട്ടില്ല. റഷ്യയുമായി സഹകരിച്ച് വാക്സിൻ ഉൽപാദിപ്പിക്കുന്ന കാര്യം ഇരു രാജ്യങ്ങളും നേരത്തെ ചർച്ചചെയ്തിരുന്നു.
സ്പുട്നിക് വാക്സിൻ ഇന്ത്യയിലെത്തിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സഹ ചെയർമാൻ ജി.വി പ്രസാദ് പ്രസ്താവനയിൽ അറിയിച്ചു. ഈ വാക്സിെൻറ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇതിെൻറ മൂന്നാം ഘട്ടം പരീക്ഷണം ഇന്ത്യയിൽ നടത്തുമെന്ന് ജി.വി പ്രസാദ് പറഞ്ഞു. സ്പുട്നിക് വാക്സിന് ഇന്ത്യയിൽ അനുമതി ലഭിക്കുമെന്നാണ് സൂചന. വാക്സിൻ വികസിപ്പിക്കുന്നതിൽ റഷ്യക്ക് നല്ല പാരമ്പര്യമാണുള്ളതെന്ന നിലപാടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനുള്ളത്. അതേസമയം, വാക്സിൻ ചിലരിൽ പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് റഷ്യയിൽനിന്നുള്ള റിപ്പോർട്ട്.
വാക്സിൻ പരീക്ഷിച്ചവരിൽ 14 ശതമാനം പേരിൽ പാർശ്വഫലങ്ങളുണ്ടായെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മറഷ്കോയെ ഉദ്ധരിച്ച് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, സാരമായ പാർശ്വഫലങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.