രണ്ടു മരണങ്ങള്‍ക്കിടയില്‍ മരവിപ്പുമായി ഡോ. ഹാറാ മുസ്തഫ മടങ്ങുന്നു
text_fieldsമുംബൈ: ഒന്നു വിതുമ്പാന്‍പോലും കഴിയാത്ത മരവിപ്പിലാണ് സുഡാനില്‍ ഗൈനക്കോളജിസ്റ്റായ ഡോ. ഹാറാ മുസ്തഫ. അനുജത്തി ജൊവാഹിര് (24) ട്രെയിനില്‍നിന്ന് വീണ് കാലുകള്‍ നഷ്ടപ്പെട്ടത് അറിഞ്ഞ് മുംബൈയില്‍ പറന്നെത്തിയതാണ് ഹാറാ. ഉള്ളുനിറയെ പ്രാര്ഥനയായിരുന്നു. അങ്ങ് സുഡാനില്‍ അണുബാധയോടു പൊരുതുന്ന പിതാവിനും ഇങ്ങ് ആശുപത്രിക്കിടക്കയില്‍ ബോധമറ്റു കിടക്കുന്ന അനുജത്തിക്കും ഒന്നും സംഭവിക്കല്ലെ എന്ന പ്രാര്‍ഥന. എന്നാൽ, ഞായറാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഹാറാ കേട്ടത് പിതാവിെൻറ വിയോഗ വിവരമാണ്.
അനുജത്തി അപകടത്തില്‍പെട്ടത് ഉമ്മയോട് പറഞ്ഞിരുന്നില്ല. അവരുടെ എല്ലാമാണ് എൻജിനീയറിങ് വിദ്യാര്‍ഥിയായ ജൊവാഹിര്. അവര്‍ക്കത് താങ്ങാനാകില്ലെന്ന് ഹാറാ പറയുന്നു. പിതാവിെൻറ മരണത്തിനും അനുജത്തിയുടെ നോവിനും ഇടയില്‍ നൊമ്പരപ്പെട്ടിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ ജൊവാഹിറും യാത്രയായി. പിതാവിെൻറ വിയോഗം അവളെ അറിയിച്ചിരുന്നില്ല. അവളുടെ ചേതനയറ്റ ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ഹാറാക്കില്ല. ദാദര്‍ പൊലീസിെൻറ സഹായത്തോടെ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡി ഖബർസ്ഥാനില്‍ ഖബറടക്കി ഹാറാ മടങ്ങുകയാണ്.
ഇടക്ക് ബോധാവസ്ഥയില്‍ അനുജത്തി ചിരിച്ച ചിത്രം ഉമ്മക്ക് അയക്കാനിരുന്ന ഹാറാ പക്ഷേ, അറിയിച്ചത് അവളുടെ മരണവിവരമാണ്. മഹാരാഷ്ട്രയിലെ സാംഗ്ളിയിലുള്ള രാജാറാം ബാപ്പു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിയാണ് ജൊവാഹിര്. നാലു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞ 12ന് മുംബൈയിലെത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പം കൊയ്ന എക്സ്പ്രസ് ട്രെയിനില്‍ വൈകീട്ട് എട്ടിന് ദാദറിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിന്‍ പുറപ്പെടുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിയ ജൊവാഹിറിെൻറ കാലുകള്‍ മുറിച്ചുമാറ്റിയിരുന്നു.
വിവരമറിഞ്ഞ് ഡല്‍ഹിയില്‍ വിദ്യാര്‍ഥിയായ സുഹൃത്തും സുഡാനിൽനിന്ന് സഹോദരി ഹാറായും നഗരത്തില്‍ എത്തുകയായിരുന്നു. ദാദര്‍ സ്റ്റേഷനില്‍ മൂന്നു മിനിട്ട് നില്‍ക്കേണ്ട ട്രെയിന്‍ ഒരു മിനിറ്റും 20 സെക്കൻറും നേരത്തെ പുറപ്പെട്ടതായാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണം റെയിൽവേ നിഷേധിച്ചെങ്കിലും വിശദീകരണം നല്കാന് കഴിഞ്ഞിട്ടില്ല. ഹാറായും സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
