ഉമറിനും അരവിന്ദിനും ഇരട്ടനീതി; ജാമ്യത്തിൽ ഭിന്നിച്ച് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: പൗരത്വ സമരം നയിച്ച ജെ.എൻ.യു വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിക്കാൻ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന് സുപ്രീംകോടതി നൽകിയ വ്യാഖ്യാനത്തിന് വിപരീതമായ വ്യാഖ്യാനം നൽകി യു.എ.പി.എക്ക് തത്തുല്യമായ കടുത്ത ജാമ്യവ്യവസ്ഥയുള്ള പി.എം.എൽ.എ (അനധികൃത പണമിടപാട് നിരോധന നിയമം) കേസിൽ ‘അംടേക്’ പ്രമോട്ടർ അരവിന്ദ് ധാമിന് ജാമ്യം അനുവദിച്ചു. കേസിന് പ്രഥമ ദൃഷ്ട്യാ യുക്തിസഹമായ അടിസ്ഥാനമുണ്ടെങ്കിൽ ഒരു പ്രതിക്ക് ജാമ്യം നൽകരുതെന്ന വ്യവസ്ഥയുള്ള യു.എ.പി.എയിലെ 43 ഡി(5) വകുപ്പും പി.എം.എൽ.എയിലെ 45ാം വകുപ്പും കാഠിന്യത്തിൽ ഒരു പോലെയാണ്.
യു.എ.പി.എ നിയമത്തിന്റെ കടുത്ത ജാമ്യവ്യവസ്ഥകൾ ഉയർത്തിക്കാട്ടി അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിക്കാൻ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് നിരത്തിയ ന്യായവാദങ്ങളെ അപ്പാടെ നിരാകരിച്ചാണ് തൊട്ടുപിറ്റേന്ന് 27,000 കോടിയുടെ തട്ടിപ്പ് കേസിൽ 16 മാസമായി ജയിലിൽ കഴിയുന്ന അരവിന്ദ് ധാമിന് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അലോക് ആരാധെയും ജാമ്യം അനുവദിച്ചത്. ഒരേ ഭരണഘടനാ അനുച്ഛേദത്തിന് വിപരീത വ്യാഖ്യാനം നൽകിയ രണ്ട് വിപരീത വിധികൾ നിയമവൃത്തങ്ങളിൽ ചേരിതിരിഞ്ഞുള്ള ചർച്ചക്ക് കൂടി വഴിവെച്ചു.
വേഗത്തിലുള്ള വിചാരണ പ്രതിയുടെ മൗലികാവകാശം
വേഗത്തിലുള്ള വിചാരണ ഏതൊരു പ്രതിയുടെയും മൗലികാവകാശമാണെന്നും ആരോപിച്ച കുറ്റകൃത്യത്തിന്റെ കടുപ്പം പറഞ്ഞ് ആ മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് 16 മാസത്തെ ജയിൽവാസം കണക്കിലെടുത്ത് അരവിന്ദ് ധാമിന് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അലോക് ആരാധെയുമടങ്ങുന്ന ബെഞ്ച് ജാമ്യം നൽകിയത്. വേഗത്തിലുള്ള വിചാരണ കൂടി അടങ്ങുന്നതാണ് ഭരണഘടനയുടെ 21-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യം. മുന്ന് മുതൽ 17 മാസം വരെ പ്രതികൾ ജയിൽവാസം അനുഭവിച്ച നിരവധി കേസുകളിൽ വിചാരണയിലെ കാലതാമസം നോക്കിയും കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കാതെയും സുപ്രീംകോടതി ജാമ്യം അനുവദിച്ചതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതിന് നേർവിപരീതമായി വിചാരണ നീണ്ടുപോകുന്നത് മാത്രം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ കടുപ്പം നോക്കണമെന്നുമായിരുന്നു ഉമറിനും ശർജീലിനും ജാമ്യം നിഷേധിച്ച തലേന്നാളത്തെ സുപ്രീംകോടതി വിധി. വിചാരണ തുടങ്ങാതെയും അതിൽ യുക്തിസഹമായ പുരോഗതിയില്ലാതെയും ദീർഘകാലം ജയിലിലിടുന്നത് വിചാരണ തടവ് തന്നെ ശിക്ഷയാക്കി മാറ്റുമെന്ന് ബെഞ്ച് ഓർമിപ്പിച്ചു. ഭരണഘടനാനുസൃതമായി വിചാരണ വേഗത്തിലക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെയ്ത കുറ്റകൃത്യം കടുപ്പമേറിയതാണെന്നുപറഞ്ഞ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷകളെ എതിർക്കരുത്.
വിയോജിച്ച് നിയമജ്ഞർ
ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് നേർവിപരീതമായ വ്യാഖ്യാനം നൽകിയതാണ് രണ്ട് ജാമ്യ വിധികളും വിപരീത ദിശയിലാക്കിയതെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി. യു.എ.പി.എ അല്ല ചില ആളുകളാണ് പ്രശ്നമെന്ന തരത്തിലാണ് പലരും ഇതിനെ കാണുന്നത്. കോടതി ഇത്തരത്തിൽ സെലക്ടീവായി ജാമ്യ ഹരജികളിൽ വിധി പറയരുതെന്ന് സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. യു.എ.പി.എ ചുമത്തിയ കേസുകളിൽ തെളിയിക്കപ്പെട്ടത് കേവലം രണ്ട് ശതമാനം മാത്രമാണെന്ന് കലാപാഹ്വാനം നടത്താത്ത, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ലാത്ത ഉമർഖാലിദിന്റെ ജാമ്യം നിഷേധിക്കുമ്പോൾ ഓർക്കേണ്ടതായിരുന്നെന്ന് അഭിഭാഷക കരുണ നന്ദിയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

