‘തീവ്രവാദി, നിനക്ക് നാണമില്ലേ?...’ മുസ്‍ലിം വിദ്യാർഥിക്കെതിരെ വർഗീയ പരാമർശവുമായി അധ്യാപകൻ -വിഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം
text_fieldsബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ മുസ്‍ലിം വിദ്യാർഥിയെ ‘തീവ്രവാദി’യെന്ന് വിളിച്ച അധ്യാപകനെതിരെ വ്യാപക പ്രതിഷേധം. ക്ലാസ് മുറിയിലെ ആശയ വിനിമയത്തിനിടെയാണ് സംഭവം. മുസ്‍ലിം വിദ്യാർഥിയെ അപമാനിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും തീവ്രവാദിയെന്ന് വിളിക്കുകയുമായിരുന്നു. വർഗീയ പരാമർശങ്ങളെ തുടർന്ന് കാമ്പസിൽ വലിയ പ്രതിഷേധവും വിവാദവും ഉയർന്നുവന്നതോടെ പ്രഫസറെ സസ്‌പെൻഡ് ചെയ്തു.
മാർച്ച് 24ന് പി.ഇ.എസ് സർവകലാശാലയിലാണ് സംഭവം. പ്രഫസർ മുരളീധർ ദേശ്പാണ്ഡെ വിദ്യാർഥിയെ വർഗീയമായി അധിക്ഷേപിക്കുകയായിരുന്നു. ക്ലാസ് മുറിയിൽനിന്ന് വിദ്യാർഥികൾ പകർത്തിയ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘നീ ഒരു തീവ്രവാദിയാണ്. ഇന്ന് ഇവിടെ ശാന്തമായിരിക്കുമെന്ന് ഞാൻ കരുതി. നിനക്ക് നാണമില്ലേ?. യാതൊരു ഉപകാരവുമില്ലാത്തവൻ’... അധ്യാപകൻ വിഡിയോയിൽ പറയുന്നത് കേൾക്കാം.
സംഭവം വിവാദമായതോടെ വിദ്യാർഥി സംഘടനയിലെ അംഗങ്ങൾ നടപടി ആവശ്യപ്പെട്ട് സർവകലാശാല മാനേജ്‌മെന്റിനെ കണ്ടിരുന്നു. പ്രതിഷേധത്തെത്തുടർന്ന്, പ്രഫസർ ദേശ്പാണ്ഡെയെ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
അധ്യാപകനെതിരെ അന്വേഷണം തുടരുകയാണെന്ന് പി.ഇ.എസ് സർവകലാശാല ചാൻസലർ ജവഹർ ദൊരെസ്വാമി പറഞ്ഞു.‘എല്ലാ ക്ലാസ് മുറികളിലും സി.സി.ടി.വിയുണ്ട്. ഇത് പരിശോധിച്ച് വിഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ ആവശ്യപ്പെട്ടു. ഫാക്കൽറ്റി അംഗത്തെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മാനേജ്‌മെന്റിന്റെ അച്ചടക്ക സമിതി തെളിവുകൾ പരിശോധിക്കും’ -ദൊരെസ്വാമി പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഓൺലൈനിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രഫസർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

