സിഖ് വിദ്യാർഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്കൂൾ; പ്രതിഷേധം
text_fieldsഉത്തർപ്രദേശിലെ സ്‌കൂൾ, സിഖ് വിദ്യാർത്ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അൽവാർ ജില്ലയിൽ അജ്ഞാതർ സിഖ് പുരോഹിതനെ മർദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
സിഖുകാരോട് വിവേചനം കാണിക്കുന്ന ആളുകൾക്കെതിരെ ശക്തമായി ശബ്ദമുയർത്താൻ രാജ്യത്തുടനീളമുള്ള സിഖുകാരോട് സംഘടിക്കാനും പ്രാദേശിക തലത്തിലുള്ള ഭരണകൂടത്തോട് നടപടിയെടുക്കാനും എസ്.ജി.പി.സി പ്രസിഡന്റ് ഹർജീന്ദർ സിങ് ധമി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. "ഇത്തരം വിവേചനം സിഖുകാരോട് ബോധപൂർവ്വം ചെയ്യപ്പെടുകയാണെന്നും അതേസമയം ഇക്കാര്യത്തിൽ സർക്കാരിന്റെ പങ്ക് സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
'ന്യൂനപക്ഷമായിരുന്നിട്ടും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി 80 ശതമാനത്തിലേറെ ത്യാഗങ്ങൾ സഹിച്ചത് സിഖുകാരാണ്. സിഖുകാർ കാരണം രാജ്യത്തിന്റെ സംസ്കാരം അചഞ്ചലമാണെന്നും എന്നിട്ടും ഇന്ത്യയിൽ തങ്ങൾ വിവേചനം നേരിടുകയാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങൾ സ്‌കൂൾ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാൽ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവർ ആരോപിച്ചു.
അതേസമയം, ഇരു കക്ഷികളെയും വിളിച്ച് കാര്യങ്ങൾ കേട്ടതായി ബറേലി ജില്ലാ മജിസ്‌ട്രേറ്റ് ശിവകാന്ത് ദ്വിവേദി വ്യാഴാഴ്ച പറഞ്ഞിരുന്നു. ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ സ്കൂൾ മാനേജ്മെന്റ് മാപ്പ് ചോദിച്ചതായും, പ്രശ്നം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

