പട്ന: ബിഹാറിൽ സമ്മതിദാന അവകാശം നിർവഹിക്കാൻ എല്ലാവർക്കും അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. കോവിഡ് 19െൻറ സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ പ്രധാനമാണെന്നും സ്വതന്ത്രവും സത്യസന്ധമായ തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കത്തിൽ പറയുന്നു. ബിഹാറിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രക്രിയ കോവിഡ് അതിവേഗ വ്യാപനത്തിന് ഇടയാക്കരുതെന്ന് പ്രതിപക്ഷ പാർട്ടികൾ കത്തിൽ ചൂണ്ടിക്കാട്ടി. 13കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 7.5 കോടി വോട്ടർമാരുണ്ട്. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറയും നിർദേശപ്രകാരം ആളുകൾ തമ്മിൽ രണ്ടുമീറ്റർ അകലം പാലിക്കണം. പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്നതും ഇതുതന്നെയല്ലേ? -പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു.
ബി.ജെ.പി വെർച്വൽ തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നതിനും മറ്റു തെരഞ്ഞെടുപ്പ് കാമ്പയിനുകൾ വിലക്കിയതിനും എതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷ ആരോപണം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ജനസംഖ്യയിൽ പകുതിപേർക്ക് മാത്രമാണ് മൊബൈൽ േഫാൺ സൗകര്യമുള്ളത്. അതിനാൽ തന്നെ വെർച്വൽ തെരഞ്ഞെടുപ്പ് കാമ്പയിനുകൾ പകുതി വോട്ടർമാരിലേക്കും എത്തില്ല. കൂടാതെ മൂന്നിൽ ഒരുവിഭാഗം വോട്ടർമാർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് പുറത്തുപോകുമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമീഷനും ഒമ്പത് പ്രതിപക്ഷ പാർട്ടികളും ചേർന്ന് വെർച്വൽ മീറ്റിങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെ പാർട്ടികൾ ചേർന്ന് തെരഞ്ഞെടുപ്പ് കമീഷന് മെമോറാണ്ടവും സമർപ്പിച്ചു. നേരത്തേ 65 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പിൽ ഇൗ തീരുമാനം നടപ്പാക്കില്ല. നിലവിൽ 80 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് തപാൽ വോട്ട് സൗകര്യം ലഭ്യമാകുക. ബിഹാറിൽ തിരക്ക് ഒഴിവാക്കാനായി 34,000 അധികം പോളിങ് സ്റ്റേഷനുകൾ തയാറാക്കാനാണ് നിലവിലെ തീരുമാനം.