ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകൾ പാർലമെന്‍റിന്‍റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ. പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് കരുതേണ്ടെന്നും അകാലി ദൾ എം.പി നരേഷ് ഗുജ്റാൾ പറഞ്ഞു. വിവാദ ബില്ലുകൾ ലോക്സഭക്ക് പിന്നാലെ ഇന്ന് രാജ്യസഭയിലും ശബ്ദവോട്ടോടെ പാസ്സായിരിക്കുകയാണ്.
നേരത്തെ, ബില്ലുകളുടെ പിന്തുണച്ച അകാലി ദൾ പഞ്ചാബിൽ കർഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നിലപാട് മാറ്റിയത്. പിന്നീട് പാർലമെന്‍റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു.
വിവാദ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് അകാലി ദളിന്‍റെ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു. കാബിനറ്റ് മന്ത്രിക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നിലപാട് മാറ്റം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അകാലി ദളിനെ വെല്ലുവിളിച്ചിരുന്നു.
സർക്കാറിനെ പിന്തുണക്കുന്നത് തുടരുമെന്ന് ആദ്യം പ്രഖ്യാപിച്ച അകാലി ദൾ ഇപ്പോൾ സഖ്യത്തിൽ പുനപരിശോധന നടത്തുമെന്ന നിലപാടിലാണ്. ബി.ജെ.പിയുടെ ആദ്യകാലം മുതൽക്കേയുള്ള സഖ്യകക്ഷിയാണ് അകാലി ദൾ. എൻ.ഡി.എയുടെ സ്ഥാപക കക്ഷി കൂടിയാണ്. സാഹചര്യങ്ങൾ പരിശോധിച്ച് പാർട്ടി കോർ കമ്മിറ്റി തീരുമാനം കൈക്കൊള്ളുമെന്ന് അകാലി ദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ പറഞ്ഞു.
Latest Video:
: