പുറത്ത് 'മൻ കീ ബാത്ത്' നടത്താതെ പാർലമെന്റിൽ മറുപടി പറയൂ: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: നീറ്റ്-യു.ജി 2026 പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സമരങ്ങളെ തണുപ്പിക്കാൻ അർദ്ധരാത്രിയിൽ വീഡിയോ സന്ദേശം പുറത്തുവിട്ട് രക്ഷപ്പെടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പാർലമെന്റിന് പുറത്ത് പ്രസ്താവന നടത്തുന്നതിന് പകരം പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടത്.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണം. അല്ലാതെ രാത്രി വൈകി വീഡിയോ റെക്കോർഡ് ചെയ്ത് പാർലമെന്റിന് പുറത്ത് ഏകപക്ഷീയമായ 'മൻ കീ ബാത്ത്' നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. "നരേന്ദ്രമോദി ജി, ഇന്ന് പാർലമെന്റിൽ വരുന്നതിന് മുമ്പ്, ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കൂ. ആദ്യം, വിദ്യാർത്ഥികളോട് മാപ്പ് പറയുകയും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ ലാത്തികളും ബാറ്റണുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുക. അതിനുശേഷം വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടവർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും വിചാരണയ്ക്ക് അതിവേഗ കോടതികളും വ്യവസ്ഥ ചെയ്യുന്ന കരട് ബിൽ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം വന്നത്. വീഡിയോ പുറത്തുവിട്ട് രക്ഷപ്പെടാനുള്ള മോദിയുടെ നീക്കത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിക്കുമുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക. സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, വിഷയത്തിൽ വിദ്യാർത്ഥികളോട് മാപ്പുപറയുക എന്നീ ആവശ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ട് ഒരു മണിക്കൂറിനകം തന്നെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
"മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നു. ഈ ദയനീയമായ അർദ്ധരാത്രിയിലെ വീഡിയോ ഉപയോഗിച്ച് അവരുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാർത്ഥികളെ മർദ്ദിച്ചവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക," ഗാന്ധി എക്സിൽ കുറിച്ചു.
വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ പാർലമെന്റിന് അകത്തും പുറത്തും സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) വെള്ളിയാഴ്ച വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിഷയത്തിലും പരിഷ്കരണങ്ങളിലും കേന്ദ്ര സർക്കാരിൽ നിന്ന് എഴുതിനൽകിയ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. "26 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം സോനം സാർ സമരം അവസാനിപ്പിച്ചതിൽ ഞങ്ങൾ ആശ്വാസവും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർമന്തറിൽ പ്രതിഷേധം തുടരും"- സി.ജെ.പി വ്യക്തമാക്കി. നീറ്റ്-യു.ജി 2026 പരീക്ഷാ ചോർച്ചയെക്കുറിച്ചും പരീക്ഷാ സംവിധാനത്തിലെ പരിഷ്കരണങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ സി.ജെ.പി പ്രതിനിധി സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30-ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് കേന്ദ്ര മന്ത്രിമാരെ കാണാൻ നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

