രക്ഷിതാക്കൾ വോട്ട് ചെയ്യാൻ തയാറായില്ലെങ്കിൽ രണ്ടുദിവസം പട്ടിണി കിടക്കണം; മഹാരാഷ്ട്രയിൽ സ്കൂൾ വിദ്യാർഥികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ശിവസേന നേതാവ് വെട്ടിൽ
text_fieldsമുംബൈ: കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ പുലിവാലുപിടിച്ച് ശിവസേന നേതാവ് (ഏക്നാഥ് ഷിൻഡെ വിഭാഗം) സന്തോഷ് ബങ്കർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ രണ്ടുദിവസത്തേക്ക് ഭക്ഷണം കഴിക്കരുതെന്നാണ് ശിവസേന നേതാവ് കുട്ടികളോട് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലെ ജില്ലാ പരിഷത്ത് സ്കൂളിൽ സന്ദർശനത്തിന് എത്തിയതായിരുന്നു സന്തോഷ്. കലംനൂരി മണ്ഡലത്തിലെ എം.എൽ.എയാണ് സന്തോഷ്.
''അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളുടെ രക്ഷിതാക്കൾ എനിക്ക് വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ രണ്ടുദിവസത്തേക്ക് ഭക്ഷണം പോലും കഴിക്കാൻ പോലും തയാറാകരുത്. ഭക്ഷണം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന് അവർ നിങ്ങളോട് ചോദിക്കും. അപ്പോൾ സന്തോഷ് ബങ്കർക്ക് വോട്ട് ചെയ്യുമെങ്കിൽ ഭക്ഷണം കഴിക്കും എന്ന് നിങ്ങൾ പറയണം.''-എന്നാണ് മറാത്തി ഭാഷയിൽ സന്തോഷ് കുട്ടികളോട് ആവശ്യപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കണമെന്നും ശിവസേന നേതാവ് കുട്ടികളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചതിനു ശേഷമാണ് എം.എൽ.എയുടെ നീക്കം. വോട്ട്നേട്ടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ബാലവേലയുടെ പരിധിയിൽ പെടുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
ശിവസേന നേതാവിന്റെ പരാമർശം ശരദ് പവാർ നയിക്കുന്ന എൻ.സി.പിയെയും കോൺഗ്രസിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യമുയർന്നു. സ്കൂൾ കുട്ടികളെ ഉപയോഗിച്ച് എം.എൽ.എ രാഷ്ട്രീയ പ്രചാരണം നടത്തുമ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി ഉറങ്ങുകയാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പ്രതികരിച്ചു. ആദ്യമായല്ല ബങ്കാർ ഇത്തരത്തിൽ വിവാദത്തിൽ പെടുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ താൻ തൂങ്ങിമരിക്കുമെന്ന് കഴിഞ്ഞമാസം പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

