മുംബൈയിലെ വായു മലിനീകരണത്തിന് കാരണം എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനമെന്ന് സർക്കാർ അഭിഭാഷകൻ; വിമർശനവുമായി കോടതി
text_fieldsപുകമഞ്ഞ് മൂടിയ മുംബൈ നഗരം
മുംബൈ: മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വർധിച്ചുവരുന്ന വായു മലിനീകരണത്തിന് കാരണം, അടുത്തിടെ എത്യോപ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ നിന്നുയർന്ന ചാരമാണെന്ന മഹാരാഷ്ട്ര സർക്കാറിന്‍റെ വാദത്തിന് ബോംബെ ഹൈകോടതിയുടെ വിമർശനം. അഗ്നിപർവത സ്ഫോടനത്തിന് മുമ്പുതന്നെ മുംബൈയിലെ വായു ഗുണനിലവാര സൂചിക വളരെ മോശമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
സർക്കാർ അഭിഭാഷകൻ ജ്യോതി ചവാൻ, നവംബർ 23നുണ്ടായ അഗ്നിപർവത സ്ഫോടനത്തിനു പിന്നാലെ ചാരമടങ്ങിയ മേഘം ഇന്ത്യയുടെ ആകാശത്തും നിറഞ്ഞെന്നും ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിന് കാരണമായെന്നും കോടതിയിൽ പറഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കുന്നതിനുവരെ ഇതു കാരണമായെന്നും ജ്യോതി ചവാൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത് വെറും രണ്ട് ദിവസം മുമ്പത്തെ കാര്യമാണെന്നും അതിനുമുമ്പുതന്നെ വായു മലിനീകരണം ഗുരുതരമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഗ്നിപർവത സ്ഫോടനത്തിന് മുമ്പുതന്നെ, ഒരാൾക്ക് 500 മീറ്ററിനപ്പുറം കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മുംബൈയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് 2023 മുതൽ ഫയൽചെയ്ത ഹരജികളിലാണ് കോടതി വാദംകേട്ടത്. ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഡാരിയസ് ഖംബട്ടയും ജനക് ദ്വാരകദാസും നഗരത്തിലെ വായു ഗുണനിലവാരം മോശമാണെന്നും, ഈ മാസം വായു ഗുണനിലവാര സൂചിക 300ന് മുകളിലാണെന്നും ബെഞ്ചിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് കോടതി അധികാരികളോട് ആരാഞ്ഞു. നിലവിലെ മോശം സാഹചര്യം മെച്ചപ്പെടുത്താൻ എന്തുചെയ്യാനാകുമെന്നും കോടതി ചോദിച്ചു. കേസ് തുടർ വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഞായറാഴ്ചയാണ് എത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ 12,000 കൊല്ലത്തോളമായി നിദ്രയിലായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സജീവമായത്. അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് ശേഷം മണിക്കൂറുകളോളം 14 കിലോമീറ്ററോളം ഉയരത്തിൽ ചാരം നിറഞ്ഞ പുക ഉയർന്നുപൊങ്ങിയെന്നാണ് ഫ്രാൻസിലെ ടൂളൂസ് വൊൾകാനിക് ആഷ് അഡ്വൈസറി സെന്റർ റിപ്പോർട്ട് ചെയ്തത്. വൈകാതെ അഗ്നിപർവത അവശിഷ്ടങ്ങളും പൊടിപടലങ്ങളും ഗംഗാ സമതലത്തിലേക്ക് വ്യാപിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇന്ത്യയിലെത്തിയ ചാരം കലർന്ന പുക രാജ്യത്തെ വായുമലിനീകരണത്തോത് ഉയർത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ, ഡൽഹിയിലും മറ്റ് നഗരങ്ങളിലും വായുഗുണനിലവാരം മോശമായി തുടരുന്നുണ്ടെങ്കിലും ഇതിൽ അഗ്നിപർവത സ്ഫോടനത്തിന്റെ പൊടിപടലങ്ങൾ കാരണമായിട്ടില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

