വി.ഡി സർക്കാർ ഇ.ഡിയുടെ ഏജന്റാകരുത് -പോളിറ്റ് ബ്യൂറോ
text_fieldsന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ വി.ഡി. സതീശൻ സർക്കാർ ഇ.ഡിയുടെ ഏജന്റായി മാറരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ.
വീണാ വിജയനെതിരെയുള്ള അന്വേഷണം പിണറായി വിജയനെ ലക്ഷ്യമിടാനുള്ള മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഉദാഹരണമാണ്. ഈ രാഷ്ട്രീയ പ്രതികാര നടപടിയെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടുമെന്നും പി.ബി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇ.ഡി നടപടിയെ സ്വാഗതം ചെയ്യുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കെ.പി.സി.സി അധ്യക്ഷന്റെ നിലപാട് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള സ്വന്തം നേതാക്കൾക്കെതിരായ ഇ.ഡി നടപടികളെ എതിർക്കുന്ന അതേ കോൺഗ്രസാണ് കേരളത്തിൽ ഈ നീക്കത്തിന് പിന്തുണ നൽകുന്നത്. മുമ്പ് കേരളത്തിലെ കോൺഗ്രസ് എം.എൽ.എ, പിണറായി വിജയനെതിരെ കേസെടുപ്പിക്കാനായി വിജിലൻസ് കോടതിയെയും ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും വരെ സമീപിച്ചിരുന്നു. എന്നാൽ, അന്ന് കോടതികൾ ഈ ഹരജി തള്ളുകയായിരുന്നു. ആ കേസ് തന്നെയാണ് ഇപ്പോൾ വീണ്ടും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്നും പി.ബി പ്രസ്താവനയിൽ വിശദീകരിച്ചു.
സി.പി.എമ്മിനെ ഭയപ്പെടുത്താനോ പിണറായി വിജയനെ ലക്ഷ്യംവെക്കാനോ ആണ് ഇ.ഡി ഇതിലൂടെ കരുതിയതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയും എക്സിലൂടെ പ്രതികരിച്ചു.
മോദി സർക്കാർ ഇ.ഡിയെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിലെ യു.ഡി.എഫ് സർക്കാർ തങ്ങളുടെ താൽപര്യങ്ങൾ നടപ്പിലാക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ ആരൊക്കെയാണ് ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്ടലാക്കുകളെ തങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാർട്ടി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

