സംഭാവനക്കൊള്ള: ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അയോധ്യ സംഭാവനക്കൊള്ളയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രാമജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും, വി.എച്ച്.പി വൈസ് പ്രസിഡന്റുമായ ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. കൊള്ളയുടെ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്കും ആർ.എസ്.എസിനും വി.എച്ച്.പിക്കുമാണെന്നും എന്നാൽ, പ്രതികൾക്ക് സംരക്ഷണമൊരുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുതിർന്ന പാർട്ടി നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു. ശ്രീരാമ ഭഗവാനിലും സനാതന ധർമത്തിലും വിശ്വസിക്കുന്ന ആർക്കും തന്നെ സഹിക്കാനാകുന്നതല്ല അയോധ്യയിൽ നടന്ന കൊള്ള.
സനാതനധർമത്തിന്റെ പാരമ്പര്യം തകർത്ത ബി.ജെ.പിയും ആർ.എസ്.എസും വി.എച്ച്.പിയും വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. മതവുമായും മതകാര്യങ്ങളുമായും ബന്ധമില്ലാത്ത ഇക്കൂട്ടർ വൻ അഴിമതി നടത്തി, വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടി. ആർ.എസ്.എസിന് രജിസ്ട്രേഷൻ ഇല്ലെന്നും അവർ നികുതികളൊന്നും നൽകാറില്ലെന്നും ആശ്രമങ്ങളും ക്ഷേത്രങ്ങളും കൈയടക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആയോധ്യയിൽ പരസ്യമായി നടന്ന കൊള്ളക്ക് സാക്ഷികൾ ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രത്തിനുവേണ്ടി പന്ത്രണ്ടര കോടിയോളം കുടുംബങ്ങളുടെ സംഭാവന ശേഖരിച്ചിട്ട് ആ തുകയും അക്കൗണ്ട് വിവരങ്ങളും ഒരിടത്തുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭാവനക്കൊള്ള പാർട്ടി ഓരോ ഗ്രാമത്തിലും പോയി ഉന്നയിക്കുമെന്നും വാർഡ് തലം മുതൽ ജില്ലതലം വരെ അതിനായി സമിതികൾ രൂപവത്കരിക്കുന്നുണ്ടെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജൂൺ ഏഴിനാണ് പുറത്തു വന്നത്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ ശിപാർശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്, സംഭാവനയായി ലഭിച്ച പണം എണ്ണാൻ ചുമതലപ്പെടുത്തിയ എട്ടുപേരെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലായ അവരുടെ പക്കൽ നിന്ന് 79.85 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

