വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നിൽ ഡോണൾഡ് ട്രെംപോ?, അഭ്യൂഹങ്ങൾ പലവിധം
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ച നിർണായക വെടിനിർത്തൽ തീരുമാനത്തിനു പിന്നിലാര്?. നിരവധി അഭ്യൂഹങ്ങളാണ് ഇതു സംബന്ധിച്ച് പരക്കുന്നത്. നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ മേയ് ഏഴാംതീയതി പുലർച്ചെയാണ് പാക് അധീന കശ്മീരിലും പാകിസ്താനിലും പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ ഓപറേഷൻ സിന്ദൂർ തുടങ്ങിയത്. സംഘർഷം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ യു.എസ് പ്രസിഡന്റ് ട്രംപ് ആണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വെടിനിർത്തലിലോ ചർച്ചയിലോ മൂന്നാം കക്ഷി ഇല്ല എന്നു കേന്ദ്രം അറിയിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് സൈനിക നീക്കങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വെടിനിർത്തൽ തീരുമാനം അറിയിച്ചത്. ‘ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു. വൈകുന്നേരം അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നു. തിങ്കളാഴ്ച വീണ്ടും ഇന്ത്യ-പാക് ഡി.ജി.എം.ഒകൾ ചർച്ച നടത്തും’.
വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറും വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ വെടിനിർത്തൽ വ്യക്തമാക്കി പോസ്റ്റ് ഇട്ടു. ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദവുമായാണ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും പൂർണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചു എന്നായിരുന്നു ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
എന്നാൽ, വെടിനിർത്തൽ അഭ്യർഥനയുമായി സമീപിച്ചത് പാകിസ്താനാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പാക് ഡി.ജി.എം.ഒ ഇന്ത്യയെ വൈകീട്ട് 3.35ന് വിളിക്കുകയായിരുന്നെന്ന് വിക്രം മിസ്രി പറഞ്ഞു.
നേരത്തേ,ലോക രാജ്യങ്ങൾ സംഘർഷം അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. സൗദി വിദേശമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശമന്ത്രി ഡോ. ജയ ശങ്കർ, പാകിസ്താൻ ഉപപ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഇസ്ഹാഖ്ധർ എന്നിവരുമായി സംഘർഷം അവസാനിപ്പിക്കാൻ ഫോണിൽ ചർച്ച നടത്തിയിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ ഏതെങ്കിലും രാജ്യമോ നേതാക്കളോ വെടിനിർത്തലിനു പിന്നിൽ ഉണ്ടോ എന്ന കാര്യം കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

