'ഇറാൻ നേതൃത്വത്തെ വധിച്ചത് അതിരുകടന്നുപോയി; ചർച്ച നടത്താൻ ഇപ്പോൾ ആരുമില്ലാതായി': തുറന്നുപറഞ്ഞ് ഡൊണാൾഡ് ട്രംപ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾ പരിധിവിട്ടുപോയെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തെഹ്റാനിൽ ആരുമായി ചർച്ച നടത്തണമെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം നേതൃശൂന്യത ഉണ്ടായതായും ഒഹായോയിലെ യങ്സ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.
യു.എസ് സൈനിക നടപടികൾ ഇറാൻ നേതൃത്വത്തിന്റെ തീരുമാനമെടുക്കാനുള്ള ഘടനയെ തകിടം മറിച്ചുവെന്ന് ട്രംപ് തുറന്നുസമ്മതിച്ചു. 'സത്യം പറഞ്ഞാൽ, ഇറാൻ നേതാക്കൾക്ക് നേരെ ഞങ്ങൾ നടത്തിയ ആക്രമണങ്ങൾ ഒരുപക്ഷേ അതിരുകടന്നുപോയിട്ടുണ്ടാകാം. ഇപ്പോൾ അവിടെ ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് കണ്ടെത്താൻ ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ്. ലെവൽ ഒന്നിൽ ഞങ്ങൾക്ക് നിർത്താമായിരുന്നു; എന്നാൽ ലെവൽ രണ്ടും രണ്ടരയും ഒരുപക്ഷേ അല്പം കൂടിപ്പോയി,' ട്രംപ് റാലിയിൽ പറഞ്ഞു.
ആരുമില്ലാത്ത അവസ്ഥയെന്ന് ട്രംപ്; ചർച്ചകൾ അനിശ്ചിതത്വത്തിൽ
നേതൃത്വത്തിന് സംഭവിച്ച വൻ നഷ്ടങ്ങളെത്തുടർന്ന് ഇറാനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരത്തെ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. ഉപരോധങ്ങളിൽ ഇളവ് നൽകാനോ നയതന്ത്ര പുരോഗതി കൈവരിക്കാനോ മുൻപായി ഇറാൻ അവരുടെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയിൽ കാര്യമായ കുറവ് വരുത്തണമെന്ന് യു.എസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇറാനിൽ നിലവിൽ വ്യക്തമായ ഒരു പ്രതിനിധി സംഘമില്ലാത്തത് നയതന്ത്ര നീക്കങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
കപ്പലുകൾ കടലിന്റെ അടിത്തട്ടിലെന്ന് ട്രംപ്; ആണവായുധത്തിനെതിരെ മുന്നറിയിപ്പ്
നേതൃത്വത്തെ ലക്ഷ്യമിട്ടതിൽ സ്വയം വിമർശനം ഉന്നയിച്ചെങ്കിലും, ഇറാന്റെ ആണവമോഹങ്ങൾക്കെതിരെ കടുത്ത നിലപാടാണ് ട്രംപ് ആവർത്തിച്ചത്. ഭീകരതയെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യമാണ് ഇറാനെന്നും ഒരുകാലത്തും ആണവായുധം നിർമിക്കാൻ അവരെ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ വ്യോമസേനയും നാവികസേനയും യു.എസ് ആക്രമണങ്ങളിൽ പൂർണമായി തകർക്കപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ 159 നാവിക കപ്പലുകളും ഇപ്പോൾ 'കടലിന്റെ അടിത്തട്ടിൽ ഭംഗിയായി വിശ്രമിക്കുകയാണ്' എന്നാണ് അദ്ദേഹം റാലിയിൽ അവകാശപ്പെട്ടത്. എന്നാൽ ഇറാന്റെ കപ്പലുകൾ പൂർണമായി തകർക്കപ്പെട്ടെന്ന ഈ പ്രത്യേക കണക്കിനെ സാധൂകരിക്കുന്ന ഔദ്യോഗിക സൈനിക റിപ്പോർട്ടുകളൊന്നും വൈറ്റ് ഹൗസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

