ഗാർഹിക പീഡന കേസുകൾ കൂടുതൽ കേരളത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ കേരളത്തിൽ. രാജ്യത്ത് കഴിഞ്ഞ വർഷം ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത 468 കേസുകളിൽ 376ഉം കേരളത്തില്‍നിന്നാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോര്‍ട്ടിൽ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ 12 മരണമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യ നിരക്കിൽ കേരളം നാലാമതാണ്.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ ബംഗളൂരുവിലാണ്. ഓൺലൈൻ ബാങ്ക് തട്ടിപ്പുകളാണ് നഗരത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തിനിടെ ഡൽഹിയിലെ സൈബർ കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി വർധിച്ചു. എൻ.സി.ആർ.ബി കണക്ക് പ്രകാരം, ഡൽഹിയിൽ കഴിഞ്ഞ വർഷം 685 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2020 ൽ 166 ഉം 2021 ൽ 345 ഉം ആയിരുന്നു കേസുകൾ. ഭൂരിഭാഗം കേസുകളും അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 2021 നെ അപേക്ഷിച്ച് 2022ൽ നാലുശതമാനം വർധനയാണുണ്ടായത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡൽഹിയാണ്. 2022ൽ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

