ഗാർഹിക പീഡനം ഗ്രാമങ്ങളിൽ കൂടുതൽ
text_fieldsന്യൂഡൽഹി: വിവാഹിതരായ സ്ത്രീകൾക്ക് പങ്കാളികളിൽ നിന്ന് നേരിടേണ്ടി വരുന്ന ഗാർഹിക പീഡനം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ കൂടുതലാണെന്ന് സർവേയിൽ കണ്ടെത്തൽ. ഗർഭാവസ്ഥയിൽ പോലും ശാരീരികമായി അതിക്രമം നേരിടുന്ന സംഭവങ്ങൾ കൂടുതലാണ്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 2021ന് ശേഷമുള്ള കണക്കുകളിലും സ്ത്രീകൾ ജീവിത പങ്കാളികളിൽ നിന്ന് നേരിടുന്ന അതിക്രമങ്ങൾ കൂടിയതായാണ് ദേശീയ കുടുംബാരോഗ്യ സർവേ-6 ലെ കണ്ടെത്തൽ. കേരളത്തിൽ 9.8 ശതമാനം ഉണ്ടായിരുന്നത് 17.7 ശതമാനം ആയിട്ടാണ് ഉയർന്നത്. 18 മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളാണ് കൂടുതലും ഗാർഹിക പീഡനത്തിന് വിധേയമാകുന്നത്. 18 മുതൽ 29 വരെ പ്രായമുള്ളവർ ലൈംഗിക പീഡനത്തിന് ഇരയാകുന്നുമുണ്ട്. സ്വന്തമായി മൊബൈൽ ഫോണും ഇന്റർനെറ്റും ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ പോലും ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ ഗാർഹിക പീഡനവും ലൈംഗിക പീഡനവും നേരിടേണ്ടി വരുന്നു.
ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, മിസോറം മുതലായ സംസ്ഥാനങ്ങളിൽ നഗരങ്ങളിലെ സ്ത്രീകളാണ് കൂടുതലും അതിക്രമങ്ങൾക്ക് വിധേയമാകുന്നതെന്നാണ് സർവേ കണ്ടെത്തിയത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ആരോഗ്യ, പോഷക, സാമൂഹിക വികസന രംഗങ്ങളിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാതൃ, ശിശു ആരോഗ്യ പരിചരണ രംഗങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. ഗർഭകാലയളവിൽ ആദ്യത്തെ മൂന്നു മാസത്തിൽ പരിചരണം ലഭിച്ചവരുടെ തോത് 70 ശതമാനത്തിൽ നിന്ന് 76.2 ശതമാനമായി ഉയർന്നു. 95.6 ശതമാനം കുട്ടികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രതിരോധ കുത്തിവെപ്പുകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസിന്റെ ഗുണഭോക്താക്കൾ 41.0 ശതമാനം ആയിരുന്നത് 60.2 ശതമാനമെന്ന ഗണ്യമായ വളർച്ച രേഖപ്പെടുത്തിയതായും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും പാവപ്പെട്ടവരുടെ ഇടയിൽ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോലുള്ള ചെലവ് കുറഞ്ഞ പദ്ധതികൾക്ക് പ്രചാരം ലഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

