ഇന്ത്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; യാത്രക്കാർ ആശങ്കയിൽ
text_fieldsദീപാവലി അവധിക്കാലത്ത് സ്വന്തം നാട്ടിലേക്ക് വിമാനത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് പ്രതിസന്ധി. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ 450 ശതമാനത്തിലധികം കുതിച്ചുയർന്നിരിക്കുകയാണ്. വിമാനക്കമ്പനികളുടെ ഈ അനിയന്ത്രിതമായ നിരക്ക് വർദ്ധനവ് കാരണം പല ആഭ്യന്തര റൂട്ടുകളിലെയും യാത്ര ചില അന്താരാഷ്ട്ര യാത്രകളേക്കാൾ വളരെ ചെലവേറിയതായി മാറിയിരിക്കുന്നു.
സുപ്രീം കോടതിയിൽ കൃത്യമായ ഉറപ്പുകൾ നൽകിയിരുന്നെങ്കിലും വിമാന യാത്രാക്കൂലിയിലെ ഈ കൊള്ളവില നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്ന ഒക്ടോബർ 30-ലെ സമയപരിധി പാലിച്ചില്ല. ഔദ്യോഗിക മേൽനോട്ടമില്ലാത്തതിനാൽ വിമാനക്കമ്പനികൾ തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ തിരക്കുള്ള മുംബൈ - ഡൽഹി റൂട്ടിൽ നിരക്കുകൾ കുത്തനെ ഉയർന്നു. ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി നവംബർ 7-നുള്ള എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് 26,560 രൂപയായി. സാധാരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 431 ശതമാനത്തിന്റെ വലിയ വർദ്ധനവാണിത്. അതുപോലെ സ്പൈസ് ജെറ്റിന്റെ മടക്കയാത്രാ ടിക്കറ്റിന് 28,130 രൂപ വരെയാണ് ഈടാക്കുന്നത് (462% വർദ്ധനവ്). മുംബൈയിൽ നിന്ന് അഹമ്മദാബാദ്, പാട്ന, നാഗ്പൂർ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും അഞ്ച് മുതൽ ആറ് മടങ്ങ് വരെ വർദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലെ ഏറ്റവും വിചിത്രമായ വസ്തുത, ഇന്ത്യയിൽ നിന്ന് ലണ്ടൻ പോലുള്ള ദീർഘദൂര വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിനേക്കാൾ നിരക്ക് കൂടുതലാണ് മുംബൈ - ഡൽഹി ആഭ്യന്തര റൂട്ടിൽ എന്നത് തന്നെയാണ്. ഇത്തിഹാദ് എയർവേയ്‌സ് അല്ലെങ്കിൽ അസർബൈജാൻ എയർലൈൻസ് വഴി ലണ്ടനിലേക്കുള്ള ടിക്കറ്റ് 25,500 രൂപക്ക് ലഭിക്കുമ്പോഴാണ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ ഇതിലും വലിയ തുക നൽകേണ്ടി വരുന്നത്. ബാങ്കോക്ക്, ദുബായ്, സിംഗപ്പൂർ തുടങ്ങിയ ജനപ്രിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകളും ഇതിലും കുറഞ്ഞ നിരക്കിലാണ് ലഭ്യമാകുന്നത്.
ഈ പ്രശ്നം ദീപാവലി ആഘോഷങ്ങളോടെ അവസാനിക്കുന്നില്ല. ഡിസംബർ അവസാനം വരുന്ന പുതുവത്സര അവധിക്കാലത്തേക്കുള്ള ബുക്കിങുകളിലും യാത്രാക്കൂലി കുത്തനെ ഉയർന്നു കഴിഞ്ഞു. ഗോവ, ബെംഗളൂരു തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് വില ഈടാക്കുന്നത്.
ഉയർന്ന വിമാന നിരക്കുകൾ സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കിയതോടെ ജനങ്ങൾ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡൽഹി ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിലെ ട്രെയിനുകളെല്ലാം ഇതിനോടകം തന്നെ ഫുൾ ആയിക്കഴിഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ 2,000-ത്തിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും കർശനമായ വിമാന നിരക്ക് നിയന്ത്രണങ്ങൾ ഉടൻ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.

