അവർ വില്ലന്മാരല്ല, ഹീറോകളായിരുന്നു; രാത്രിയുടെ തണുപ്പിൽ ഉപേക്ഷിച്ച ചോരപൈതലിന് കാവലായി തെരുവ് നായ്കൾ
text_fieldsഎ.ഐ നിർമിത ചിത്രം
കൊൽക്കത്ത: തെരുവ് നായകൾ വില്ലൻമാരായ കഥകളേ കേൾക്കാറുള്ളൂ. എന്നാൽ, പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ നിന്നുള്ള വേറിട്ടൊരു കഥയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുന്നത്. മനുഷ്യൻ ക്രൂരതയുടെ പ്രതീകമായി മാറിയ രാത്രിയിൽ, കരുതലോടെ കാവൽ നിന്ന തെരുവുനായ്കൾ ‘മൃഗസ്നേഹത്തിന്റെ’ മാതൃകയായി.
തണുത്തുറയുന്ന രാത്രിയിൽ രക്ഷിതാക്കൾ തെരുവിൽ ഉപേക്ഷിച്ച ചോരകുഞ്ഞിനെയാണ് ഒരു കൂട്ടം തെരുവ്നായ്കൾ രാത്രി മുഴുവൻ കാവലിരുന്ന് സംരക്ഷിച്ചത്.
മുത്തശ്ശി കഥ പോലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ കഥകളായിരുന്നു നദിയാദിലെ നബദ്വീപ് ടൗണിലെ സ്വരൂപ് നഗർ റെയിൽവേകോളനിയിലെ താമസക്കാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. പിറന്നു വീണ് മണിക്കൂറുകൾ മാത്രമായൊരു ചോരകുഞ്ഞ്. ശരീരത്തിലെ ചോരപ്പൊടിപ്പുകൾ മാറത്ത ആ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് മാതാവ് മുങ്ങി. മനുഷ്യർ തങ്ങളെ എറിഞ്ഞോടിക്കുന്ന തെരുവിൽ രാത്രിയുടെ മറവിൽ ഒരു ചോരപൈതൽ വീണുകിടക്കുന്നത് കണ്ടപ്പോൾ തെരുവ് നായകൾ പക മറന്നു. തണുത്തുറഞ്ഞ രാത്രിയിൽ, ഒരു തുണി പോലും ദേഹത്തില്ലാതെ കരഞ്ഞ കുഞ്ഞിന് ചുറ്റും അവർ സുരക്ഷാ വലയം തീർത്തു. കുരച്ചു ബഹളം വെക്കാതെയും ആക്രമിക്കാതെയും കുഞ്ഞിന് ചുറ്റും കാവലായി നിന്ന നായകളെ രാവിലെയാണ് ഗ്രാമീണർ കാണുന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഗ്രാമീണർ ഓടിയെത്തിയപ്പോൾ ചുറ്റം കൂടി നിന്ന നായകൾ മാറിനിന്നു.
‘രാവിലെ ഉണർന്നപ്പോൾ കണ്ടത് അതിശയകരമായ കാഴ്ചയായിരുന്നു. കുഞ്ഞിന് ചുറ്റും സംയമനത്തോടെ കാവലിരിക്കുന്ന ഒരു കൂട്ടം നായ്ക്കൾ. മുന്നിൽ ഒരു പിഞ്ചുകുഞ്ഞ് ജീവനായി പോരടിക്കുമ്പോൾ ജാഗ്രതയോടെ ചുറ്റം നിൽക്കുന്നതായാണ് കണ്ടത്’ -കുഞ്ഞിനെ ആദ്യം കണ്ട ശുക്ല മൊണ്ടലിന്റെ വാക്കുകൾ.
സുഖമില്ലാത്ത കുഞ്ഞിന്റെ കരച്ചിലാണെന്നാണ് ആദ്യം കരുതിയതെന്ന് മറ്റൊരു ഗ്രാമവാസി സുഭാഷ് പാൽ പറഞ്ഞു. വീടിന് പുറത്ത് ഒരു ചോരകുഞ്ഞാണെന്ന് ഒരിക്കലും കരുതിയില്ല. ചുറ്റം നായകൾ കാവലിക്കുന്നത് കണ്ടപ്പോൾ ആദ്യമൊന്ന് ഭയന്നു. പിന്നെ അവർ കാവലിരിക്കുന്നത് പോലെയാണ് തോന്നിയത് -സുഭാഷ് പാൽ പറഞ്ഞു.
കുട്ടിയെ എടുക്കാനായി ശുക്ല മൊണ്ഡലും രാധ ഭൗമികും വന്നപ്പോൾ നായകൾ ഒഴിഞ്ഞു മാറി. ദുപ്പട്ടയിൽ കുട്ടിയെ എടുത്ത ശേഷം, മഹേഷ് ഗഞ്ചിലെയും പിന്നെ കൃഷ്ണനഗർ സദർ ആശുപത്രിയിലുമെത്തിച്ചു. കുഞ്ഞിന് പരിക്കുകൾ ഇല്ലെന്നും, പിറന്നപ്പോഴുള്ള ചോരയാണ് തലയിലുള്ളതെന്നും ഡോക്ടർ പറഞ്ഞു.
ജനിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിതാവാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. നബദ്വിപ് പൊലീസും ചൈൽഡ് ഹെൽപ് അധികൃതരും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

