അത് പട്ടിയിറച്ചിയല്ല
text_fieldsചെന്നൈ: എഗ്മോർ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് പട്ടിയിറച്ചിയല്ലെന്നും പഴകിയ ആട്ടിറച്ചിയാണെന്നും മദ്രാസ് വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതായി ചെന്നൈ ജില്ല കലക്ടർ എ. ഷൺമുഖസുന്ദരം അറിയിച്ചു. നവംബർ 17ന് രാജസ്ഥാനിലെ ജോധ്പുരിൽനിന്ന് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലാണ് തെർമോകോൾ പെട്ടികളിലായി ഇറച്ചിശേഖരം എത്തിയത്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ സുരക്ഷ സേനയും ആരോഗ്യ ഉദ്യോഗസ്ഥരുമെത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. മത്സ്യം എന്ന നിലയിലാണ് ജോധ്പുർ റെയിൽവേ സ്റ്റേഷനിൽ പാർസൽ ബുക് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
